സ്വന്തം ലേഖകന്‍: ബംങ്കളുരു സ്ഫോടന കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅദനിക്ക് കേരളത്തിലേക്ക് പോകാന്‍ സുപ്രീം കോടതി അനുമതി നല്കി. രോഗിയായ അമ്മയെ സന്ദര്‍ശിക്കുന്നതിന് അഞ്ചു ദിവസത്തേക്കാണ് അനുമതി. ഇതിനായി ജാമ്യവ്യവസ്ഥയില്‍ കോടതി ഇളവ് അനുവദിക്കുകയായിരുന്നു.
അനുമതി ലഭിച്ചതോടെ മഅദനി നാളെ തന്നെ കേരളത്തിലേക്ക് മടങ്ങുമെന്നാണ് സൂചന. യാത്രാ വിവരങ്ങള്‍ നാളെ രാവിലെ കോടതിയെ അറിയിക്കും. മഅദനി കേരളത്തില്‍ തങ്ങുന്ന ദിവസങ്ങളില്‍ കര്‍ണാടക പൊലീസിന് ആവശ്യത്തിന് മുന്കരുതലെടുക്കാമെന്നും സുപ്രീം കോടതി അറിയിച്ചു.
അതേസമയം, കേസില്‍ വിചാരണ നീളുന്നതില്‍ സുപ്രീംകോടതി അതൃപ്തി അറിയിച്ചു. നാലു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
സ്വന്തം ചികില്‍സയ്ക്കായി കേരളത്തില്‍ പോകണമെന്നാവശ്യപ്പെട്ടാണ് മഅദനി സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. എന്നാല്‍ വിചാരണ അവസാനിക്കാത്തതിനാല്‍ ഇതിനു സാധിക്കില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. വിചാരണ പൂര്‍ത്തിയാകാന്‍ രണ്ടുവര്‍ഷമെങ്കിലും എടുക്കുമെന്നാണ് ബങ്കളൂരുവിലെ പ്രത്യേക കോടതിയുടെ നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല