റോഹിങ്ക്യ അഭയാര്‍ഥികളുമായി അന്തമാന്‍ നടുക്കടലിലായിരുന്ന ബോട്ടുകള്‍ ഇന്തോനേഷ്യന്‍ തീരത്ത് അടുപ്പിച്ചു. തീരത്തടുക്കാന്‍ ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയതോടെയാണ് ബോട്ടുകള്‍ തീരത്ത് എത്തിയത്. വംശീയ ഉന്മൂലന ഭീഷണിയെ തുടര്‍ന്ന് മ്യാന്മറില്നിന്ന് രക്ഷപ്പെട്ട ഇവര്‍ക്ക് തായ്ലന്ഡ് പ്രവേശാനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് ആഴ്ചകളോളം നടുക്കടലില്‍ കുടുങ്ങിയത്. ഇന്തോനേഷ്യ പ്രവേശാനുമതി നല്‍കിയതിനെ തുടര്‍ന്ന് 900ത്തോളം ആളുകളാണ് ഇപ്പോള്‍ ജീവിതത്തിലേക്ക് മടങ്ങി എത്തിയിരിക്കുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബോട്ടില്‍ കഴിയുകയായിരുന്ന ഇവരില്‍ പത്ത് പേര് മരിച്ചിരുന്നു. ബോട്ടിന്റെ എന്ജിന് ഓഫാക്കി കപ്പിത്താന് തങ്ങളെ ഉപേക്ഷിച്ച് കടന്നുകളഞ്ഞതായി ബോട്ടിലുള്ളവരെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കാനാകാത്തതിനാല്‍ കടലില്‍ തള്ളുകയായിരുന്നു.കൂടുതല്‍ ആളുകള്‍ മരണത്തോട് അടുത്തപ്പോഴാണ് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ കനിവ് കാണിച്ചത്.
വംശീയ ഉന്മൂലന ഭീഷണിയെ തുടര്‍ന്ന് മ്യാന്മറില്നിന്ന് രക്ഷതേടിയത്തെുന്ന റോഹിങ്ക്യന്‍ മുസ്ലിം അഭയാര്‍ഥികള്‍ക്ക് അയല്‍ രാജ്യങ്ങളായ ഇന്തോനേഷ്യ, മലേഷ്യ, തായ്ലന്ഡ് എന്നിവര്‍ പ്രവേശാനുമതി നിഷേധിച്ചിരുന്നു. തായ് ലന്‍ഡ്, മലേഷ്യ തീരങ്ങളില്‍ വിവിധ ബോട്ടുകളിലായി ആയിരക്കണക്കിന് റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ഇവരില്‍ ചെറിയൊരു വിഭാഗം മാത്രമാണ് കരക്കണഞ്ഞത്. തങ്ങളെ പൗരന്മാരായി അംഗീകരിക്കാത്തതിനാല്‍ ഇവര്‍ക്ക് മാതൃരാജ്യമായ മ്യാന്മറിലേക്ക് തിരിച്ചുപോകാനും കഴിയാത്ത അവസ്ഥയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല