സ്വന്തം ലേഖകന്‍: ബലാത്സംഗത്തെ തുടര്‍ന്ന് 42 വര്‍ഷമായി കോമയില്‍ കഴിഞ്ഞ മുംബൈയിലെ നഴ്സ് അരുണ ഷാന്‍ബാഗ് അന്തരിച്ചു. അറുപത്തെട്ടു വയസായിരുന്നു. മുംബൈയിലെ കിങ് എഡ്വേര്‍ഡ് മെമ്മോറിയല്‍ (കെഇഎം) ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിഞ്ഞ 42 വര്‍ഷമായി അരുണയുടെ ജീവന് നിലനിര്‍ത്തിയിരുന്നത്.
അടുത്തിടെ ന്യുമോണിയ ബാധിതയായ അരുണയുടെ അവസ്ഥ പുരോഗമിക്കുന്നുണ്ടെങ്കിലും ആശങ്കയുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. 1973 നവംബര്‍ 27 ന് വൈകുന്നേരം 4.50 നും 5.50 നുമിടയിലാണ് ഇരുപത്തിമൂന്നുകാരിയായിരുന്ന അരുണ ഷാന്‍ബാഗ് ക്രൂരമായ ബലാത്സംഗത്തിന് ഇരയായത്. കെഇഎം ആശുപത്രിയുടെ ഡ്രസ്സിങ് മുറിയില്‍ വസ്ത്രം മാറുന്നതിനിടയില്‍ സോഹന്‍ലാല്‍ ദര്‍ഠ വാല്മീകി എന്ന അറ്റന്‍ഡര്‍ അപ്രതീക്ഷിതമായി അരുണയെ ആക്രമിക്കുകയായിരുന്നു.
അരുണ അറിയാതെ പട്ടിയെ കെട്ടുന്ന ചങ്ങലകൊണ്ടു കഴുത്തിനു കുരുക്കിട്ടു കീഴ്പ്പെടുത്തി, ബലാത്സംഗം ചെയ്യുകയായിരുന്നു സോഹന്‍ലാല്‍. പീഡനത്തിനിടെ തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിലച്ച് അബോധാവസ്ഥയിലായ അരുണ ഷാന്‍ബാഗ് കഴിഞ്ഞ 42 വര്‍ഷമായി ജീവച്ഛവമായി അതേ നിലയില്‍ കിടക്കുകയായിരുന്നു.
അരുണയുടെ ദുരന്ത കഥ പുറംലോകത്തെ അറിയിച്ച പത്രപ്രവര്‍ത്തകയായ പിങ്കി വിരാനി ഈ അവസ്ഥയില്‍ നിന്ന് അരുണ ഷാന്‍ബാഗിനു മുക്തി വേണമെന്നും അവരെ മരിക്കാന്‍ അനുവദിക്കണമെന്നും അപേക്ഷിച്ചു 2011 ല്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ദയാഹര്‍ജി തള്ളിയിരുന്നു. ദയാവധം നടത്തണമെന്ന് വാദം അരുണയെ പരിചരിച്ചിരുന്ന കിങ് എഡ്വേര്‍ഡ് മെമ്മോറിയല്‍ ആശുപത്രിയിലെ നഴ്സുമാര്‍ ശക്തമായി എതിര്‍ക്കുകയും ചെയ്തു.
ദയാവധത്തിനു വേണ്ടിയുള്ള ഇന്ത്യയിലെ നിയമ പോരാട്ടങ്ങളുടെ പ്രതീകമായി മാറിയിരുന്നു അരുണ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല