സ്വന്തം ലേഖകന്‍: അമേരിക്കന്‍ ഡെയര്‍ ഡെവിള്‍ ഡീന്‍ പോട്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. ഡെയര്‍ ഡെയര്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന സാഹസിക താരമാണ് ഡീന്‍ പോട്ടര്‍. നാല്പത്തിമൂന്ന് വയസായിരുന്നു.
കാലിഫോര്‍ണിയയില്‍ ബേസ് ജംപിംഗിനിടെയായിരുന്നു ആരാധകരെ ഞെട്ടിച്ച പോട്ടറുടെ അന്ത്യം. കാലിഫോര്‍ണിയയിലെ യോസ്മേറ്റ് ദേശീയ പാര്‍ക്കില്‍ ശനിയാഴ്ചയാണ് പോട്ടറും സഹതാരം ഗ്രഹാം ഹണ്ടും സാഹസിക പ്രകടനം നടത്താനെത്തിയത്.
7,500 അടി ഉയരത്തിലുള്ള ടാഫ്റ്റ് പോയന്റില്‍ നിന്ന് ഇടുങ്ങിയ വിടവിലൂടെ വിംഗ് സ്യൂട്ട് ഉപയോഗിച്ച് പറക്കാനുള്ള ശ്രമത്തിനിടെ കല്ലിടുക്കില്പ്പെട്ട് ഇരുവരും അപകടത്തില്‍ പെടുകയായിരുന്നു. അപകടകരമായ മലയിടുക്കുകള്‍ കീഴടക്കുന്നതിലും കയറിലൂടെയുള്ള നടത്തത്തിലും ലോകപ്രശസ്തനായിരുന്ന പോട്ടറിന്റെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.
ആകാശക്കുതിപ്പികളിലൂടെ പ്രസിദ്ധനായ ഡീന്‍ മുമ്പ് തന്റെ വളര്‍ത്തു നായയുമായി പറന്ന് ലോക ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇദ്ദേഹത്തിന്റെ മരണ വാര്‍ത്തയറിഞ്ഞ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആരാധകര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ബേസ് ജംപിംഗ് നിയമപരമായി നിരോധിച്ച യോസ്മേറ്റില് അധികൃതരുടെ അനുമതി ഇല്ലാതെയായിരുന്നു പോട്ടറുടെ പ്രകടനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല