സ്വന്തം ലേഖകന്‍: ആറന്മുള വിമാനത്താവള പദ്ധതിക്കു നല്കിയ അനുമതി പുനഃപരിശോധിക്കുമെന്നു കേന്ദ്ര വ്യോമയാന സഹമന്ത്രി ഡോ മഹേഷ് ശര്‍മ പ്രസ്താവിച്ചു. നേരത്തെ പ്രതിരോധ മന്ത്രാലയവും ദേശീയ ഹരിത ട്രിബ്യൂണലും പദ്ധതിക്ക് അനുമതി നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിമാനത്താവളത്തിന് നല്കിയ അനുമതി പുനഃപരിശോധിക്കുന്നത്.
പദ്ധതിക്കു പരിസ്ഥിതി ആഘാത പഠനം നടത്താന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധസമിതി അനുമതി നല്‍കിയെന്ന കെജിഎസ് ഗ്രൂപ്പിന്റെ അവകാശ വാദവും ഇതോടെ തെറ്റാണെന്നു തെളിഞ്ഞു. ആറന്മുള പൈതൃകഗ്രാമ ആക്ഷന്‍ കൗണ്‍സില്‍ നല്കിയ പരാതിയിലെ വിഷയങ്ങള്‍ക്കു മറുപടി നല്‍കാനാണ് പദ്ധതി നടത്തിപ്പുകാരായ കെജിഎസ് ഗ്രൂപ്പിനോട് ആവശ്യപ്പെട്ടതെന്നു തെളിയിക്കുന്ന പരിസ്ഥിതി മന്ത്രാലയ യോഗത്തിന്റെ മിനിട്സ് പുറത്തു വന്നതോടെയാണിത്.
കഴിഞ്ഞ 23 നു ചേര്‍ന്ന വിദഗ്ധസമിതി യോഗം പരിസ്ഥിതി ആഘാത പഠനത്തിന് അനുമതി നല്‍കിയെന്നായിരുന്നു കെജിഎസ് ഗ്രൂപ്പിന്റെ അവകാശവാദം. എന്നാല്‍ അനുമതിയെക്കുറിച്ചു മിനിട്സില്‍ എവിടെയും സൂചനയില്ല. വിമാനത്താവളത്തിനു നല്കിയ പരിസ്ഥിതി അനുമതി നേരത്തേ ദേശീയ ഹരിത ട്രിബ്യൂണലും തുടര്‍ന്നു സുപ്രീം കോടതിയും റദ്ദാക്കിയിരുന്നു.
തുടര്‍ന്ന് പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠനത്തിനായി കെജിഎസ് വീണ്ടും അപേക്ഷ നല്കി. ജനുവരി ആറ്, ഏഴ് തീയതികളില്‍ ചേര്‍ന്ന വിദഗ്ധസമിതി ഇതു പരിഗണിച്ചു. പദ്ധതിക്കെതിരായും അനുകൂലമായും ഹരിത ട്രിബ്യൂണലില്‍ ഉയര്‍ന്ന വാദങ്ങള്‍ പട്ടികയായി സമര്‍പ്പിക്കണമെന്നാണു വിദഗ്ധസമിതി നിര്‍ദേശിച്ചത്.
ആറന്മുള ഉള്‍പ്പെടെ 15 വിമാനത്താവളങ്ങള്‍ക്ക് അനുമതി നല്‍കിയതായി നേരത്തേ മന്ത്രി മഹേഷ് ശര്‍മ രാജ്യസഭയെ അറിയിച്ചിരുന്നു. അതിനു വിരുദ്ധമായ നിലപാടാണ് ഇപ്പോഴത്തേത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല