സ്വന്തം ലേഖകന്‍: 36 മാസത്തിനകം തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ ഓടിക്കുമെന്ന് ഇ ശ്രീധരന്‍. മൂന്നു മാസത്തിനകം ഇരു നഗരങ്ങളിലും ആദ്യ ഘട്ടത്തിന്റെ പ്രാരംഭ ജോലികള്‍ ആരംഭിക്കും. തലസ്ഥാനത്ത് ടെക്‌നോസിറ്റി മുതല്‍ കാര്യവട്ടം വരെയും കോഴിക്കോട്ട് മെഡി. കോളേജ് മുതല്‍ മാനാഞ്ചിറ വരെയുമാണ് ആദ്യ ഘട്ടം.
നാലു വര്‍ഷ കാലാവധിയാണ് നേരത്തേ നിശ്ചയിച്ചിരുന്നതെങ്കിലും ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന് (ഡിഎംആര്‍സി) ലൈറ്റ് മെട്രോ പദ്ധതിയുടെ പൂര്‍ണ ഉത്തരവാദിത്തം ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണിത്. നിര്‍മ്മാണം പൂര്‍ണമായും പൊതുമേഖലയില്‍ ആക്കിയതോടെ ശ്രീധരനും സംഘവും കാര്യങ്ങള്‍ ദ്രുതഗതിയിലാക്കാനുള്ള തയ്യാറെടുപ്പിലാണ്.
36.4 കിലോമീറ്റര്‍ നീളത്തിലുള്ള തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ 2021 ല്‍ പൂര്‍ത്തീകരിക്കാനാണ് ഡിഎംആര്‍സി പദ്ധതിയിടുന്നത്. സിവില്‍ ജോലികള്‍ക്കുള്ള ടെന്‍ഡര്‍ രേഖകള്‍ തയ്യാറാക്കിക്കഴിഞ്ഞു. ഡിഎംആര്‍സിയുടെ പദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആര്‍) മന്ത്രിസഭായോഗം അംഗീകരിച്ചു കഴിഞ്ഞാലുടന്‍ പദ്ധതി നടത്തിപ്പിനായുള്ള കേരള മോണോ റെയില്‍ കോര്‍പറേഷന്‍ പേരുമാറി കേരള റാപ്പിഡ് ട്രാന്‍സിറ്റ് കോര്‍പറേഷനാവും.
സ്റ്റേഷന്‍, ഡിപ്പോ എന്നിവക്കുള്ള ഭൂമി ഏറ്റെടുക്കലാണ് പ്രധാന കടമ്പ. രണ്ടിടത്തുമായി 17.47 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയും 4.62 ഹെക്ടര്‍ സ്വകാര്യഭൂമിയും ഏറ്റെടുക്കേണ്ടി വരും. റാപ്പിഡ് ട്രാന്‍സിറ്റ് കോര്‍പറേഷന്‍ ഭൂമിയേറ്റെടുത്ത് ഡിഎംആര്‍സിക്ക് കൈമാറണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല