യു കെ യിലെ ആരോഗ്യമേഖലയില്‍ ജോലി ചെയുന്ന വിദേശീയരായ മുഴുവന്‍ നേഴ്സുമാരുടെയും മറ്റു വിദഗ്ദരുടെയും തൊഴില്യോഗ്യതാ സംബന്ധമായ എല്ലാ സര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളും വീണ്ടും പുന പരിശോധനക്ക് വിധേയമാക്കണമെന്ന ശക്തമായ സമ്മര്‍ദം എന്‍ എച്ച് എസിന്റ്റെ മേലും നേഴ്സിംഗ് കൌണ്സിലിന്റ്റെ മേലും ചെലുത്താന്‍ ഒരുങ്ങി വിവിധ അധികാര കേന്ദ്രങ്ങള്‍ രംഗത്ത് വരുന്നതായി സൂചനകള്‍. അമിത അളവില്‍ ഇന്‍സുലിന്‍ കുത്തിവച്ച് രോഗികളെ മരണത്തിലേക്ക് നയിച്ച ഈവിള്‍ നേഴ്സ് എന്ന പേരില്‍ കുപ്രസിദ്ധി നേടിയ ഫിലിപ്പിനോ കൊലയാളി നേഴ്സ് സ്റ്റെപ്പിംഗ് ഹില്‍ ആശുപത്രിയില്‍ ജോലി നേടിയത് വ്യാജ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ചാണെന്ന് കണ്ടെത്തിയതിന് പിന്നാലെ യാണ് ഈ നീക്കം. ഏറെ മാധ്യമ ശ്രദ്ധ നേടിയ ഈ കേസിലെ പ്രതിയെ 35 വര്‍ഷത്തെ തടവിനു വിധിച്ചു കൊണ്ടുള്ള കോടതി വിധി ഇക്കഴിഞ്ഞ ദിവസമാണ് ഉണ്ടായത്. ഈ സംഭവത്തെ തുടര്‍ന്ന് ബ്രിട്ടനിലെ ആരോഗ്യ മേഖലയില്‍ ജോലിചെയുന്ന വിദേശ രാജ്യക്കാരുടെ ,പ്രത്യേകിച്ചും, നേഴ്സുമാരുടെ പൂര്‍വ കാല ചരിത്രം വ്യക്തമായി പരിശോധിക്കണം എന്ന ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു. ഇതിനു മുന്‍പും യു കെ യില്‍ എന്‍ എച്ച് എസിന്റ്റെ കീഴിലുള്ള വിവിധ ആശുപത്രികളിലും മറ്റു സ്വകാര്യ നേഴ്സിംഗ് ഹോമുകളിലും അനവധി രോഗികള്‍ പലവിധ അശ്രദ്ധ കൊണ്ടും പരിചരണ കുറവ് കൊണ്ടും ദുരൂഹ സാഹചര്യങ്ങളില്‍ മരിക്കാനിടയായിട്ടുണ്ട്.അപ്പോഴൊക്കെ യു കെ യിലെ പേഷ്യന്റസ് അസോസിയേഷന് പ്രതിനിധികളടക്കം നിരവധി സമ്മര്‍ദ്ധ ഗ്രൂപ്പുകള്‍ ബ്രിട്ടണില്‍ ജോലി ചെയ്യുന്ന ആയിര കണക്കിന് വിദേശ നേഴ്സുമാര്‍ വ്യാജ സര്‍ട്ടിഫിക്ക്റ്റ് ഉപയോഗിച്ചാണ് ജോലി ചെയ്യുന്നതെന്ന് സംശയിക്കുന്നതായി തങ്ങളുടെ ആശങ്ക വെളിപ്പെടുത്തി യിട്ടുണ്ട്.
എന്നാല്‍ ഇപ്പോള്‍ ഇക്കാര്യം പരസ്യമായി തുറന്നു പറഞ്ഞു കൊണ്ട് നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ക്രൗണ്‍ പ്രോസിക്യൂഷന് സര്‍വീസ് മേധാവി നാസിര്‍ അഫ്സലാണ് രംഗത്ത് വന്നിരിക്കുന്നത്. ഈവിള്‍ നേഴ്സ് എന്ന പേരില്‍ ലോകശ്രദ്ധ നേടിയ ഫിലിപ്പൈന്‍സ് കാരനായ വിക്ടനിണോ ച്യുവയുടെ കേസിന്റെ വിധിയുടെ വേളയിലാണ് ഈ വെളിപ്പെടുത്തല്‍ അദ്ദേഹം നടത്തിയത്. വിദേശത്തുനിന്നും വന്നു യു കെ യില്‍ ജോലി ചെയുന്ന അനവധി നേഴ്സുമാര്‍ ഉപയോഗിക്കുന്നത് വ്യാജ സര്‍ട്ടിഫിക്കറ്റുകളാണോ എന്ന് സംശയിക്കുന്നതായി ഇദ്ദേഹം ബിബിസി ന്യൂസിനോട് പറഞ്ഞു. അത്തരത്തിലുള്ള ആയിര കണക്കിന് ആളുകള്‍ ഇപ്പോള്‍ യു കെ യിലെ വിവിധ ആരോഗ്യ മേഖലകളില്‍ ജോലി ചെയ്യുന്നുണ്ടാകാം എന്ന് നാസര്‍ അഫ്സല് തുറന്നു പ്രതികരിച്ചു.
തന്റെ 24 വര്‍ഷത്തെ കരിയറിനിടെ ഇതുവരെ ഒരു കേസിലും തന്റെ ആശങ്കകള്‍ മറ്റൊരു സര്‍ക്കാര്‍ വകുപ്പുമായി പങ്കുവെയ്ക്കേണ്ടി വന്നിട്ടില്ല. എന്നാല്‍ ഈ കേസില്‍ അത് വേണ്ടി വന്നുവെന്നും നാസിര്‍ പറയുന്നു.യോഗ്യതകളെക്കുറിച്ച് കള്ളം പറയാനും രേഖകള്‍ വ്യാജമായി സൃഷ്ടിക്കാനും വിദേശീയര്‍ക്ക് അവസരമുള്ളതിനാല്‍ അതേക്കുറിച്ച് ആശങ്കയുണ്ടൈന്നും നാസിര്‍ പറഞ്ഞു.
വിക്ടോരിണോ ച്യുയയുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകളില്‍ ഒന്ന് ….
നിലവില്‍ വിദേശത്ത് പഠിച്ച് യുകെയില്‍ ജോലി ചെയ്യുന്ന 90,000 നേഴ്സുമാര്‍ ഇവിടെ രജിസ്റ്റര്‍ ചെയ്ത് ജോലി ചെയ്യുന്നുണ്ട്. ഡേവിഡ് കാമറൂണ്‍ ഏഴു ദിന എന്‍എച്ച്എസ് ഹെല്‍ത്ത് സര്‍വീസ് പ്രഖ്യാപിക്കുന്നതോടെ ഈ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധനവുണ്ടാകും.
വിദേശരാജ്യങ്ങളില്‍നിന്ന് നേഴ്സുമാരെ റിക്രൂട്ട് ചെയ്യുമ്പോള്‍ അവര്‍ക്ക് യോഗ്യതയുണ്ടോയെന്നും ഡ്യൂട്ടി ചെയ്യാന്‍ പ്രാപ്തിയുള്ളവരാണോ എന്നും രോഗികളുമായി സംവദിക്കുന്നതിന് ഭാഷ അറിയാവുന്നവരാണോ എന്നും ഉറപ്പു വരുത്തണമെന്ന് പേഷ്യന്‍സ് അസോസിയേഷന് പ്രതിനിധി കാതറിന് മര്‍ഫി പറഞ്ഞു.
വിക്ടോരിണോ ച്യുയ ക്ക് വേണ്ടി ഫിലിപ്പൈന്‍സ് ആരോഗ്യ മന്ത്രാലയത്തിന്റെ പരീക്ഷയില്‍ ഇരുന്നത് ച്യുയയുടെ രൂപ സാദൃശ്യം ഉള്ള മറ്റൊരാളാണെന്നു സ്കോട്ട് ലാന്‍ഡ് യാര്‍ഡ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു .
വരും ദിവസങ്ങളില്‍ ഇത്തരത്തില്‍ നിരവധി സമ്മര്‍ദ്ധ ഗ്രൂപ്പുകള്‍ ഇതേ ആവശ്യം ഉന്നയിച്ചു കൊണ്ട് രംഗത്ത് വരാനാണ് സാധ്യതകള്‍ എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.അങ്ങനെ വന്നാല്‍ മലയാളികള്‍ അടക്കമുള്ള എല്ലാ വിദേശ നേഴ്സുമാരുടെയും നേഴ്സിംഗ് പരിശീലനവും ആയി ബന്ധപ്പെട്ട രേഖകളും സര്‍ട്ടിഫിക്കട്ടുകളും വീണ്ടും വിശദമായി പരിശോധിക്കാന്‍ അതാതു സ്ഥലങ്ങളിലെ വിവിധ എന്‍ എച്ച് എസ് ട്രസ്റ്റുകളും സ്വകാര്യ കെയര്‍ ,നേഴ്സിംഗ് ഹോം അധികൃതരും നിര്‍ബന്ധിതമാകും .പൊതുവെ മലയാളി നേഴ്സുമാര്‍ രേഖകള്‍ എല്ലാം കൃത്യമായി സൂക്ഷിക്കുന്നവരാണ്. എങ്കിലും തങ്ങളുടെ സര്‍ട്ടിഫിക്കട്ടുകള്‍ അടക്കമുള്ള എല്ലാ രേഖകളും കൈവശം ഉണ്ടോ എന്ന് കൃത്യമായി ഒന്നുകൂടി പരിശോധിക്കുന്നത് നല്ലതായിരിക്കും.അതോടൊപ്പം കാലാനുസൃതമായി പുതുക്കി സൂക്ഷിക്കേണ്ട അംഗത്വങ്ങളും ,രേഖകളും നിലവില്‍ പുതുക്കി സൂക്ഷിക്കപ്പെടുന്നവയാണോ എന്നും ഉറപ്പു വരുത്തേണ്ടതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല