സ്വന്തം ലേഖകന്‍: മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ നുണപരിശോധന നടത്താന്‍ പാട്യാല കോടതി അനുമതി നല്കി. തരൂരിന്റെ വീട്ടുജോലിക്കാരന് നാരായണ്‍ സിംഗ്, ഡ്രൈവര്‍ ബജ്റംഗി, തരൂരിന്റെ സുഹൃത്ത് സഞ്ജയ് ദിവാന് എന്നിവരെയാണ് നുണപരിശോധനക്ക് വിധേയരാക്കുക.
ദേശീയ മനുഷ്യവകാശ കമ്മിഷനും സുപ്രീംകോടതിയും നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം പരിശോധനയെന്ന് കോടതി പ്രത്യേകം ഓര്‍മിപ്പിച്ചു.
സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട ചില നിര്‍ണായക വസ്തുതകള്‍ ഇവര്‍ക്കറിയാമെന്നാണ് പൊലീസിന്റെ വാദം. മൂവരും സത്യം മരച്ചു വക്കുന്നതായി സംശയിക്കാനുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
സുനന്ദയുടെ മൃതദേഹം കണ്ടെത്തുന്നതിന് തൊട്ടുമുമ്പ് ഏഴുമണിയോടടുത്ത് ലീലാ ഹോട്ടലിലെ 345 മത്തെ മുറിയിലുണ്ടായ പവര്‍കട്ടിനെക്കുറിച്ച് മൗനം പാലിക്കുന്നു എന്നതാണ് സഞ്ജയ ദിവാനെ സംശയത്തിന്റെ നിഴലിലാക്കുന്നത്.
സുനന്ദയുടെ ശരീരത്തിലുണ്ടായിരുന്ന മുറിവുകളെക്കുറിച്ച് അറിവുണ്ടായിരുന്നിട്ടും ആ വിവരം മറച്ചു വക്കുന്നു എന്നാതാണ് ബജ്റംഗിയേയും നാരായണ്‍ സിംഗിനേയും നുണ പരിശോധനക്ക് വിധേയരാക്കാന്‍ കാരണം.
കൂടാതെ തരൂരും പാക് ജേര്‍ണലിസ്റ്റ് മെഹര്‍ തരാറുമായുള്ള ബന്ധത്തെക്കുറിച്ച് അവര്‍ വെളിപ്പെടുത്തുന്നില്ല. മാത്രമല്ല സുനന്ദ ഡല്‍ഹിയില്‍ എത്തിയ ജനുവരി 15 നു മുമ്പ് തരൂരിന്റെ ഔദ്യോഗിക വസതിയുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയായിട്ടും പണി കാരണമാണ് സുനന്ദ ഹോട്ടലില്‍ താമസിച്ചതെന്ന ഇരുവരുടേയും മൊഴിയും പോലീസിന് പഥ്യമായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല