ഒസാമ ബിന്‍ ലാദനില്‍നിന്ന് പിടിച്ചെടുത്ത നൂറ് കണക്കിന് എഴുത്തുകളും രേഖകളും യുഎസ് ഇന്റലിജന്‍സ് പുറത്തുവിട്ടു. 2011ല്‍ ബിന്ലാദന് കൊല്ലപ്പെട്ട ഓപ്പറേഷനിടെ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തവയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
ബിന്ലാദന് വായിക്കാന്‍ ഉപയോഗിച്ചിരുന്ന പുസ്തകങ്ങള്‍, മറ്റുള്ളവര്‍ക്ക് എഴുതി കത്തുകള്‍, അല്‍ക്വയ്ദ മെമ്പര്‍ഷിപ്പിനുള്ള അപേക്ഷാ ഫോം തുടങ്ങി നൂറ് കണക്കിന് വസ്തുക്കളാണ് യുഎസ് പിടിച്ചെടുത്തത്. ഇസ്ലാമിസ്റ്റ് ചിന്തകരുടെ പുസ്തകങ്ങളും, ചരിത്ര പുസ്തകങ്ങളും, സമകാനീന സംഭവങ്ങളെ കുറിച്ചുള്ള പുസ്തകങ്ങളും, നോം ചോംസ്കി ബോബ് വുഡ്വാര്‍ഡ് തുടങ്ങിയ എഴുത്തുകാരുടെ പുസ്തകങ്ങളും പിടിച്ചെടുത്തവയ്ക്കൊപ്പമുണ്ട്.
അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരവധി തവണ കൂടിയാലോചനകള്‍ നടത്തിയ ശേഷം ദോഷം ചെയ്യില്ല എന്ന് ഉറപ്പുള്ള രേഖകളും വിവരങ്ങളുമാണ് പുറത്ത് വിട്ടിരിക്കുന്നത്. എന്നാല്‍, മുഴുവന്‍ രേഖകളും വസ്തുക്കളും പുറത്തു വിട്ടിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. ചില രേഖകള്‍ പിടിച്ചുവെച്ച ശേഷം ദോഷകരമല്ലാത്ത, സുരക്ഷിതമായ രേഖകള്‍ മാത്രമാണ് പുറത്തുവിട്ടതെന്ന വാദം ഉന്നയിക്കുന്ന മാധ്യമങ്ങളുമുണ്ട്.
അമേരിക്ക നടത്തുന്ന ഡ്രോണ്‍ ആക്രമണങ്ങളെ ബിന്‍ ലാദന് ഭയപ്പെട്ടിരുന്നതായും തന്റെ സഹപ്രവര്‍ത്തകര്‍ക്ക് ഡ്രോണില്‍നിന്ന് രക്ഷപ്പെട്ട് നില്‍ക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നതായും രേഖകള്‍ സൂചിപ്പിക്കുന്നു. അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ കൈമാറ്റം ചെയ്യുന്നതിന് ഇമെയില്‍ ഉപയോഗിക്കരുതെന്നും പരമ്പരാഗത രീതികളാണ് ഇതിന് ഉപയോഗിക്കേണ്ടതെന്നും ലാദന് തീവ്രവാദികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഇന്ത്യയില്‍ നടത്തിയ തീവ്രവാദി ആക്രമണങ്ങളെ കുറിച്ചും രേഖകളില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇന്ത്യയിലെ ആക്രമണങ്ങളില്‍ അല്‍ഖ്വയ്ദ അഭിമാനം കൊണ്ടിരുന്നുവെന്ന് രേഖകളിലുണ്ട്. ആക്രമണങ്ങള്‍ എല്ലാം തന്നെ ലാദന്റെ അറിവോടെയായിരുന്നുവെന്നും രേഖകളില്‍നിന്ന് വ്യക്തം. 2008ലെ മുംബൈ തീവ്രവാദി ആക്രമണത്തെ ഹീറോയിക് ഫിദായി എന്നാണ് രേഖയില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ജര്‍മ്മന്‍ ബേക്കറി സ്ഫോടനം മനോഹോരവും വലതുമായ ബോംബ് സ്ഫോടനം ആയിരുന്നെന്നും പറയുന്നു.
അല്‍ഖ്വയ്ദ അനുബന്ധ സംഘടനകള്‍ ലോകത്ത് വിവിധയിടങ്ങളില്‍ നടത്തിയ ആക്രമണങ്ങളെ വിജയകരമെന്നും രേഖകളില്‍ വിശേഷിപ്പിച്ചിരിക്കുന്നു. ലണ്ടന്‍ ആക്രമണത്തിന് ശേഷവും മുമ്പും ഇന്തോനേഷ്യ, പാക്കിസ്താന്, ഈജിപ്ത്, ഇന്ത്യ എന്നിവിടങ്ങളിലെ അമേരിക്കന്‍, യൂറോപ്യന്‍ ജനതയ്ക്ക് നേരെ ‘അനുഗ്രഹീതമായ’ ആക്രമണങ്ങള്‍ നടത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് രേഖകളിലൊന്നില്‍ പറയുന്നു.
മുംബൈ ഭീകരാക്രമണത്തില്‍ 150 പേരാണ് കൊല്ലപ്പെട്ടത്. 2010ലെ ജര്‍മ്മന്‍ ബേക്കറി സ്ഫോടനത്തില്‍ 17 പേര് കൊല്ലപ്പെട്ടു. പാക്കിസ്താന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്കര്‍ ഇ തൊയ്ബയായിരുന്നു രണ്ട് ആക്രമണങ്ങളുടെയും പിന്നില്‍. ഇന്ത്യ തൂക്കിക്കൊന്ന അജ്മല്‍ കസബ് അടക്കം 10 പാക് പൗരന്മാരാണ് മുംബൈ ആക്രമണം നടത്തിയത്. പൂനൈയിലെ ജര്‍മ്മന്‍ ബേക്കറി സ്ഫോടനം ലഷ്കര്‍ ഇ തൊയ്ബയുടെ പിന്തുണയോടെ ഇന്ത്യന്‍ മുജാഹിദ്ദീനാണ് നടത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല