സ്വന്തം ലേഖകന്‍: പാരീസിലെ ലോക പ്രശസ്തമായ ഈഫല്‍ ടവറിലെ തൊഴിലാളികള്‍ പണിമുടക്കിയതിനെ തുടര്‍ന്ന് ടവര്‍ അടച്ചു. ഈഫല്‍ ടവറിലും പരിസര പ്രദേശങ്ങളിലും പോക്കറ്റടിക്കാരുടെ ശല്യം ക്രമാതീതമായി വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ സമരത്തിനിറങ്ങിയത്.
പ്രദേശത്ത് വര്‍ദ്ധിച്ചു വരുന്ന പോക്കറ്റടിക്കാരുടെ വിളയാട്ടം നിയന്ത്രിക്കാന്‍ അധികാരികളുടെ ഭാഗത്തുനിന്ന് നടപടികള്‍ ഒന്നുമുണ്ടാകാത്തതിനാലാണ് തൊഴിലാളികള്‍ സമരപാതയിലേക്ക് നീങ്ങിയത്. ഓരോ മണിക്കൂറിലും ആയിരക്കണക്കിന് സന്ദര്‍ശകരാണ് ഈഫല്‍ ടവറില്‍ എത്തുന്നത്.
എന്നാല്‍ ജീവനക്കാര്‍ പണിമുടക്കിയതോടെ ഏഴ് മണിക്കൂര്‍ നേരത്തേക്ക് ടവര്‍ അടച്ചിടേണ്ടി വന്നു. ഈഫല്‍ ടവര്‍ പരിസരം പോക്കറ്റടിയുടെ കേന്ദ്രമാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരെ ലക്ഷ്യംവെച്ച് പോക്കറ്റടിക്കാര്‍ കറങ്ങി നടക്കുക പതിവാണ്.
പോക്കറ്റടി സംഘങ്ങളുടെ അക്രമം സഹിക്കാനാകുന്നില്ലെന്നാണ് തൊഴിലാളികളുടെ പരാതി. വിനോദ സഞ്ചാരികളെയും തൊഴിലാളികളെയും ഇവര്‍ നിരന്തരം ആക്രമിക്കുന്നു. ഇത് തടയാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപണമുണ്ട്.
ടവര്‍ കാണാനെത്തി നിരാശരായെങ്കിലും സന്ദര്‍ശകരും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. 2012 ലാണ് ഇതിനു മുമ്പ് സമാനമായ തൊഴിലാളി സമരം നടന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല