സ്വന്തം ലേഖകന്‍: സ്പെയിനിലെ നഴ്സുമാരുടെ ക്ഷാമം രൂക്ഷമാക്കി യുകെയിലേക്ക് സ്പാനിഷ് നഴ്സുമാരുടെ ഒഴുക്കെന്ന് റിപ്പോര്‍ട്ട്. യുകെയിലെ എന്‍എച്ച്എസ് ട്രസ്റ്റുകളിലേക്ക് കുടിയേറാന്‍ തിരക്ക് കൂട്ടുന്ന സ്പെയിന്‍കാരായ നഴ്സുമാരുടെ എണ്ണം ക്രമേണ വര്‍ദ്ധിക്കുന്നതായി സ്പെയിനിലെ ജനറല്‍ കൌണ്‍സില്‍ ഫോര്‍ നഴ്സസ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
നഴ്സുമാരുടെ യുകെയിലേക്കുള്ള ഒഴുക്കു മൂലം സ്പെയ്നിലെ വിവിധ ആശുപത്രികളിലായി 1,40,000 നഴ്സുമാരുടെ കുറവുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. എങ്കിലും കൂടുതല്‍ കൂടുതല്‍ സ്പാനിഷ് നഴ്സുമാര്‍ യുകെയിലെ എന്‍എച്ച്എസ് ട്രസ്റ്റുകളിലേക്ക് മാറാനുള്ള ഒരുക്കത്തിലാണ്.
വടക്കന്‍ സ്പെയിനിലെ വാരയില്‍ മാത്രമാണ് യൂറോപ്യന്‍ നിലവാരമുസരിച്ച് ആവശ്യമായ ശരാശരി എണ്ണം നഴ്സുമാര്‍ ആശുപത്രികളില്‍ ലഭ്യമായിരിക്കുന്നത്. ഒരു ലക്ഷം രോഗികള്‍ക്ക് 508 നഴ്സുമാര്‍ എന്നതാണ് ഇപ്പോള്‍ സ്പെയിനിലെ രോഗി, നഴ്സ് അനുപാതം.
എന്നാല്‍, യൂറോപ്യന്‍ യൂണിയന് ശരാശരി ഒരു ലക്ഷം രോഗികള്‍ക്ക് 811 നഴ്സുമാര്‍ എന്നാണ്. ജര്‍മനിയില്‍ ഇത് 1131 നഴ്സുമാരും യുകെയില്‍ 804 നഴ്സുമാരുമാണ്.
യുകെയിലെ വിവിധ ആശുപത്രികളിലായി വിദേശികളായ ആറായിരം നഴ്സുമാരെയാണ് കഴിഞ്ഞ വര്‍ഷം റിക്രൂട്ട് ചെയ്തത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നാലു മടങ്ങ് വര്‍ധനയാണിത്. ഇവരില്‍ ഏറെപ്പേരും സ്പെയിന്, പോര്‍ച്ചുഗല്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു.
സ്പെയിനിലെ വിവിധ നഗരങ്ങളില്‍ വിദേശ രാജ്യങ്ങളിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യാന്‍ ഫെയറുകള്‍ നടത്തുന്നതും പതിവാണ്. എന്നാല്‍ യൂറോപ്യന്‍ യൂണിയന് പുറത്തു നിന്നുള്ളവര്‍ക്ക് സ്പെയിനില്‍ നഴ്സുമാരായി ജോലി ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതും പ്രശ്നം വഷളാക്കുകയാണെന്ന് റിപ്പോര്‍ട്ട് ആരോപിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല