സ്വന്തം ലേഖകന്‍: സ്വവര്‍ഗ വിവാഹത്തിന് അയര്‍ലണ്ട് പച്ചക്കൊടി വീശുന്നു. പതിനേഴു വയസിന് മുകളിലുള്ള സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കാനുള്ള ഹിതപരിശോധനയില്‍ രാജ്യത്തെ മൂന്ന് കോടി വരുന്ന ജനങ്ങളില്‍ ഭൂരിഭാഗവും അനുകൂലമായാണ് വോട്ട് രേഖപ്പെടുത്തി. 62% ശതമാനം പേരാണ് സ്വവര്‍ഗ വിവാഹത്തെ അനുകൂലിച്ച് വോട്ടു ചെയ്തതെന്ന് അയര്‍ലണ്ട് കാബിനറ്റ് മന്ത്രിയും ഹിതപരിശോധനാ ക്യാമ്പെയിനിന്റെ മുഖ്യ ചുമതലക്കാരനുമായ ലിയോ വറഡ്കര്‍ പറഞ്ഞു.
സ്വതവേ യാഥാസ്ഥിതികരായ അയര്‍ലണ്ട് ജനത ഹിതപരിശോധനയോട് അനുഭാവപൂര്‍വമാണ് പ്രതികരിച്ചത്. തലസ്ഥാനമായ ഡബ്ലിന് പുറത്തുള്ള ജനങ്ങളും സ്വവര്‍ഗ വിവാഹത്തോട് അനുകൂലമായ മനോഭാവമാണ് സ്വീകരിച്ചത്.
ഇതോടെ ഒരേ ലിംഗത്തില്‍ പെട്ടവരുടെ വിവാഹം നിയമ വിധേയമാക്കാനുള്ള ഭരണഘടനാ ഭേദഗതി പാര്‍ലമെന്റില്‍ പാസാവാനുള്ള സാദ്ധ്യതയേറി. വോട്ടെടുപ്പിലൂടെ സ്വവര്‍ഗ വിവാഹം നിയമപരമാക്കുന്ന ആദ്യത്തെ രാജ്യമാണ് അയര്‍ലണ്ട്.
സ്വവര്‍ഗ വിവാഹത്തെ അയര്‍ലണ്ടിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തന്നെ പിന്തുണച്ചിരുന്നു. ഇതിന്രെ പ്രചരണത്തിനായി സെലിബ്രിറ്റികള്‍ അടക്കമുള്ളവരെ പാര്‍ട്ടികള്‍ രംഗത്തിറക്കുകയും ചെയ്തു.
പടിഞ്ഞാറന്‍ യൂറോപ്പില്‍ സാമൂഹ്യപരമായി കടുത്ത യാഥാസ്ഥിതിക മനോഭാവം പുലര്‍ത്തി വന്നിരുന്ന അയര്‍ലണ്ടിന്റെ മനംമാറ്റം ചരിത്രത്തിലെ തന്നെ വലിയ സംഭവമായാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തെ ആകെ ജനസംഖ്യയുടെ മൂന്നിലൊന്ന് മാത്രമാണ് 1993 ല്‍ സ്വവര്‍ഗ വിവാഹം നിയമപരമാക്കുന്നതിനെ അനുകൂലിച്ചിരുന്നത്.
ഹിതപരിശോധനയില്‍ ഇതുവരെ കാണാത്ത യുവജന പങ്കാളിത്തമാണുണ്ടായത്. വര്‍ഷങ്ങള്‍ നീണ്ട സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറിയ അയര്‍ലണ്ടിലെ ജനങ്ങള്‍,? തങ്ങള്‍ വിശ്വസിക്കുന്ന ഒരു കാര്യത്തിന് വേണ്ടി പ്രചരണം നടത്താനും വോട്ട് ചെയ്യാനും ലഭിച്ച അവസരം പരമാവധി മുതലാക്കുകയായിരുന്നു.
സ്വവര്‍ഗ വിവാഹം കേവലം ഒരു ക്യാമ്പെയിന്‍ മാത്രമായിരുന്നില്ല അയര്‍ലണ്ടില്‍. അത് അയര്‍ലണ്ടിലെ യാഥാസ്ഥിതിക സമൂഹത്തിലും സ്വവര്‍ഗാനുരാഗികളുടെ സമൂഹത്തിലും ആരോഗ്യകരമായ സംവാദത്തിനും ഹിതപരിശോധന വഴി തുറക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല