സ്വന്തം ലേഖകന്‍: കുവൈത്തില്‍ സന്ദര്‍ശകര്‍ വിസ കാലാവധി കഴിഞ്ഞതിനു ശേഷവും തങ്ങിയാല്‍ കുറ്റക്കാരന്‍ സ്പോണ്‍സറാണെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സ്വന്തം രാജ്യത്തെ ആഭ്യന്തര പ്രശ്നങ്ങള്‍ കുവൈത്തില്‍ അനധികൃതമായി താങ്ങാനുള്ള കാരണമാക്കരുതെന്നും മന്ത്രാലയത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
സന്ദര്‍ശക വിസ കാലാവധി കഴിഞ്ഞിട്ടും തിരിച്ചു പോകാത്ത നിരവധി പേര് കുവൈത്തില്‍ കഴിയുന്നതായാണ് താമസവിഭാഗത്തിന്റെ കണക്ക്. സ്വദേശികളുടെയും വിദേശികളുടെയും സ്പോണ്സര്ഷിപ്പില് കുടുംബ സന്ദര്‍ശന വിസയില്‍ എത്തുന്നവരാണ് അനധികൃത താമസം തുടരുന്നത്.
ഈജിപ്ത് പൗരന്മാരാണ് സന്ദര്‍ശനത്തിനെത്തി മുങ്ങുന്നവരില് ഏറെയും. സിറിയ, ഇറാന് എന്നീ രാജ്യക്കാരും കുറവല്ല. യെമനില്‍ നിന്ന് അടുത്തിടെ സന്ദര്‍ശക വിസയിലെത്തിയ 65 പേര് കാലാവധി കഴിഞ്ഞും തിരിച്ചു പോയില്ലെന്നാണ് എമിഗ്രേഷന്‍ രേഖകള്‍ വ്യക്തമാക്കുന്നത്. മാതൃ രാജ്യത്തെ സംഘര്‍ഷങ്ങളില്‍ നിന്നു മാറി നില്ക്കാന് ആഗ്രഹിക്കുന്ന ബന്ധുക്കളെ കുടുംബ സന്ദര്‍ശന വിസയില്‍ കൊണ്ട് വരുന്ന പ്രവണതയും വര്‍ദ്ധിച്ചിട്ടുണ്ട്.
എന്നാല്‍ ഏതെങ്കിലും രാജ്യത്തെ പ്രശ്നങ്ങളുടെ പേരില്‍ കുവൈത്തില്‍ എത്തി ഇവിടത്തെ നിയമം ലംഘിക്കാന്‍ വിദേശികളെ അനുവദിക്കില്ലെന്നാണ് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ താമസ കുടിയേറ്റ വിഭാഗത്തിന്റെ നിലപാട്. ഇത്തരം സാഹചര്യങ്ങളില്‍ സ്പോണ്‍സര്‍മാര്‍ക്കെതിരെയാണ് നിയമ നടപടി സ്വീകരിക്കുക എന്ന് റെസിഡന്‍സി അഫയേഴ്സ് മേധാവി മേജര്‍ ജനറല്‍ തലാല്‍ അല്‍ മഅറഫി വ്യക്തമാക്കി.
കാലാവധി കഴിഞ്ഞിട്ടും സന്ദര്‍ശകര്‍ തിരിച്ചു പോകാത്ത കേസുകളില്‍ സ്പോണ്സര് ചെയുന്ന വ്യക്തിയെ വിവരം അറിയിക്കുകയും മൂന്നു ദിവസത്തെ സാവകാശം നല്‍കുകയും ചെയ്യും. മൂന്നു ദിവസത്തിനു ശേഷവും സന്ദര്ശകന് കുവൈത്തില്‍ തുടരുകയാണെങ്കില്‍ സ്പോണ്സര് ചെയ്ത ആള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും. പിഴ ഈടാക്കല്‍, ഫയലുകള്‍ മരവിപ്പിക്കല്‍ തുടങ്ങിയ നടപടികളാകും സ്പോണ്സര്ക്കെതിരെ സ്വീകരിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല