സ്വന്തം ലേഖകന്‍: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. രാജ്യത്ത് പരീക്ഷയെഴുതിയ 85.56 % കുട്ടികള്‍ വിജയിച്ചു. വിജയിച്ചവരില്‍ 77.77% ആണ്‍കുട്ടികളും, 85.56% പെണ്‍കുട്ടികളുമാണ്. 95.42% വിജയവുമായി കേരളമാണ് മുന്നില്‍.
ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയതും മലയാളി വിദ്യാര്‍ഥിനിയാണ്. ഡല്‍ഹി സാകേതനിലെ ന്യൂഗ്രീന്‍ സ്കൂള്‍ വിദ്യാര്‍ഥിനി തിരുവനന്തപുരം സ്വദേശി മോഹനന്റെ മകള്‍ എം ഗായത്രിക്കാണ് ഏറ്റവും കൂടുതല്‍ മാര്‍ക്ക്.
കഴിഞ്ഞ വര്‍ഷം 82.70 ശതമാനമായിരുന്നു വിജയം. തിരുവനന്തപുരം മേഖലയിലാണ് രാജ്യത്ത് ഏറ്റവും ഉയര്‍ന്ന വിജയ ശതമാനം രേഖപ്പെടുത്തിയത്. 95.41 ശതമാനം വിദ്യാര്‍ത്ഥികള്‍ തിരുവന്തപുരം മേഖലയില്‍ വിജയിച്ചു.
ടോള്‍ഫ്രീ സൗകര്യത്തോടെയുള്ള പോസ്റ്റ് റിസള്‍ട്ട് കൗണ്‍സിലിങ് തിങ്കളാഴ്ച്ച ആരംഭിച്ച് ജൂണ്‍ എട്ടാം തിയ്യതി അവസാനിക്കുമെന്ന് ബോര്‍ഡ് അറിയിച്ചു. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് അധികൃതര്‍ നല്കുന്ന സൂചന.
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഗള്‍ഫ് മേഖലയും മികച്ച വിജയം സ്വന്തമാക്കി. 6 ഗള്‍ഫ് രാജ്യങ്ങളിലായി പരീക്ഷയെഴുതിയ 13,284 വിദ്യാര്‍ഥികളില്‍ 92.31% പേര് വിജയിച്ചു. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത് യുഎഇയിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല