സ്വന്തം ലേഖകന്‍: സ്വതന്ത്ര ബ്ലോഗര്‍മാരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശില്‍ ഭീകര സംഘടനക്ക് നിരോധനം. കൊലപാതകങ്ങളുമായി ബന്ധമുണ്ട് എന്ന സംശയക്കപ്പെടുന്ന ഭീകര സംഘടനയായ അന്‍സറുല്ല ബംഗ്ല ടീമിനെ (എബിടി) നിരോധിച്ച് ബംഗ്ലദേശ് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി.
കഴിഞ്ഞ മൂന്നു മാസത്തിനിടെ ബംഗ്ലദേശുകാരായ മൂന്നു ബ്ലോഗര്‍മാര്‍ കൊല്ലപ്പെട്ടതു സംബന്ധിച്ച പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനം. എബിടിക്ക് അല്‍ ഖായിദ ഭീകര സംഘടനയുമായി അടുത്ത ബന്ധമുണ്ടെന്നാണു സൂചന.
അനന്ത ബിജോയ് ദാസ്, അവിജിത് റോയ്, വഷിഖുര് റഹ്മാന് എന്നീ പ്രശസ്ത ബ്ലോഗര്‍മാരാണ് ബംഗ്ലദേശിലെ വിവിധ സ്ഥലങ്ങളിലായി കഴിഞ്ഞ നാലു മാസത്തിനിടെ കൊല്ലപ്പെട്ടത്. പ്രശസ്തരായ മനുഷ്യാവകാശ പ്രവര്‍ത്തകരും സ്വതന്ത്ര ബ്ലോഗര്മാരുമായിരുന്നു മൂവരും.
കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ എബിടി പ്രവര്‍ത്തകരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഈ മാസം ആദ്യം സില്‍ഹെത്ത് നഗരത്തില്‍ അനന്ത ബിജോയ് ദാസിനെ ആക്രമിച്ചു കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍ ഖായിദ (എക്യുഐഎസ്) ഒരു വെബ്സൈറ്റ് പോസ്റ്റിലൂടെ ഏറ്റെടുത്തിരുന്നു.
ഈ പോസ്റ്റിലേക്കുള്ള ലിങ്ക് ട്വീറ്റ് ചെയ്തതാണ് എബിടിയുടെ പങ്ക് ഉറപ്പിച്ചത്. അവിജിത് റോയിയുടെ കൊലപാതകത്തെ പ്രകീര്‍ത്തിച്ച് എബിടിയുടെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടിലും പരാമര്‍ശങ്ങള്‍ പ്രത്യക്ഷപ്പെട്ടു.
അല്‍ ഖായിദയുടെ പേരില്‍ പല പ്രമുഖര്‍ക്കും വധഭീഷണിക്കത്തുകള്‍ അയയ്ക്കുന്നത് എബിടിയാണെന്ന കാര്യവും സ്ഥിരീകരിച്ചിട്ടുണ്ട്. ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഉപദേശകന് എച്ച്.ടി. ഇമാം, ധാക്ക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രഫ. അറെഫിന്‍ സിദ്ദീഖ് തുടങ്ങിയവര്‍ ഇത്തരം ഭീഷണിക്കത്തുകള്‍ ലഭിച്ചവരില്‍പ്പെടുന്നു.
2013ല്‍ റജീബ് ഹൈദര്‍ എന്ന ബ്ലോഗറുടെ കൊലപാതകത്തോടെയാണ് എബിടിയുടെ കൊലപാതക പരമ്പരയുടെ തുടക്കം. ഹൈദര്‍ വധക്കേസില്‍ നാല് എബിടി പ്രവര്‍ത്തകര്‍ കുറ്റസമ്മതം നടത്തിയിരുന്നു.
ഭീകരപ്രവര്‍ത്തനങ്ങളുടെ പേരില്‍ ബംഗ്ലദേശ് നിരോധിച്ച ആറാമത്തെ സംഘടനയാണ് അന്‍സറുല്ല ബംഗ്ല ടീം. ഹിസ്ബുത് തഹ്റീര്‍, ജമാത്തുല്‍ മുജാഹിദീന്‍ ബംഗ്ലദേശ് (ജെഎംബി), ഹര്ക്കതുള് ജിഹാദ് ബംഗ്ലദേശ്, ജാഗ്രത മുസ്ലിം ജനത, ഷഹദത് ഇ അല്‍ ഹിക്മ എന്നീ ഭീകര സംഘടനകള്‍ക്ക് നേരത്തേതന്നെ നിരോധനമുണ്ട്.
അല്‍ ഖായിദയില്നിന്നു പ്രചോദനമുള്‍ക്കൊണ്ട് ജമാത്തുല്‍ മുസ്ലെമിന് എന്ന പേരില്‍ 2007 ലാണ് അന്‍സറുല്ല ബംഗ്ല ടീം ബംഗ്ലദേശില്‍ രൂപം കൊണ്ടത്. വിവിധ എന്ജിഒകളില്നിന്നുള്ള ധനസഹായം നിലച്ചതോടെ സംഘടനയുടെ പ്രവര്‍ത്തനം ഇടക്കാലത്തേക്കു നിന്നുപോയെങ്കിലും എബിടി എന്ന പുതിയ പേരില്‍ 2013 ല്‍ വീണ്ടും പുനര്‍ജനിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല