സ്വന്തം ലേഖകന്‍: കഴിഞ്ഞയാഴ്ച സ്വവര്‍ഗ വിവാഹത്തെ അനുകൂലിക്കുന്ന നിയമം പാസാക്കിയ അയര്‍ലണ്ടിനെതിരെ ആഞ്ഞടിച്ച വത്തിക്കാന്‍ രംഗത്തെത്തി. നിയമം തങ്ങളെ വല്ലാതെ നിരാശപ്പെടുത്തിയെന്നും അത് തീര്‍ത്തും മനുഷ്യത്വ വിരുദ്ധമായ നിയമമാണെന്നും വത്തിക്കാന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കര്‍ദിനാള്‍ പിയത്രോ പരോളിന് പത്രസമ്മേളനത്തില്‍ തുറന്നടിച്ചു.
നിയമം ക്രിസ്ത്യന്‍ വിശ്വാസത്തിനേറ്റ തിരിച്ചടി എന്നതിനേക്കാള്‍ മൊത്തം മാനവ സംസ്കാരത്തിനേറ്റ തിരിച്ചടിയായി കാണണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വത്തിക്കാന്‍ അധികാരശ്രേണീയില് പോപ്പ് കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്തുള്ള ആളാണ് കര്‍ദിനാള്‍ പിയത്രോ പരോളിന്. അതുകൊണ്ടു തന്നെ അയര്‍ലണ്ടിന്റെ സ്വവര്‍ഗ വിവാഹ നിയമത്തിനെതിരെ ക്രിസ്ത്യന്‍ ലോകത്തുനിന്നിണ്ടാകുന്ന ഏറ്റവും രൂക്ഷവും ശക്തവുമായ വിമര്‍ശനമായാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ കണക്കാക്കപ്പെടുന്നത്.
നിയമം കൊണ്ടുവരുന്ന വേളയില്‍ ഡബ്ലിനിലെ ആര്‍ച്ച്ബിഷപ്പായ ഡയര്‍മ്യൂഡ് മാര്ട്ടിന് പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമാണ് വത്തിക്കാന്റെ പ്രതികരണമെന്ന് പ്രത്യേകതയുമുണ്ട്. യുവജനങ്ങളുടെ കാഴ്ചപ്പാടില്‍ വന്നുകൊണ്ടിരിക്കുന്ന കാഴ്ചപ്പാടുകളുടെ പ്രതിഫലനമാണ് പുതിയ നിയമമെന്നും സഭ ആ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളണമെന്നുമായിരുന്നു ആര്ച്ച്ബിഷ്പ്പിന്റെ പ്രതികരണം.
ജനകീയ വോട്ടെടുപ്പിലൂടെ സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കിയ ലോകത്തിലെ ആദ്യ രാജ്യമാണ് അയര്‍ലണ്ട്. 62% പേരാണ് നിയമത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയത്. കടുത്ത യാഥാസ്ഥിക കത്തോലിക്ക് രാഷ്ട്രം എന്ന് വിശേഷണമുള്ള അയര്‍ലണ്ടിലെ സ്വവര്‍ഗ വിവാഹത്തിന് അനുകൂലമായ ഈ വിജയം ഏറെ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല