അയര്‍ലണ്ടിലെ സ്വവര്‍ഗവിവാഹം നിയമവിധേയമാക്കി കൊണ്ടുള്ള ഹിതപരിശോധനാ ഫലം പുറത്തു വന്നതിന് പിന്നാലെ അതേ പാത പിന്തുടരാനുള്ള നീക്കങ്ങള്‍ ഓസ്ട്രേലിയന്‍ പാര്‍ലമെന്റിലും ആരംഭിച്ചു. ചരിത്രത്തിലെ തന്നെ ഏറ്റവും ഇടുങ്ങിയ ചിന്താഗതിയുള്ള പ്രധാനമന്ത്രി ഭരിക്കുന്ന ഓസ്ട്രേലിയയില്‍ പ്രതിപക്ഷ നേതാവ് ബില്‍ ഷോര്ട്ടനാണ് സ്വവര്‍ഗവിവാഹ റഫറണ്ടത്തിനായുള്ള ബില്ല് അവതരിപ്പിക്കുമെന്ന കാര്യം പറഞ്ഞത്.
പാശ്ചാത്യ രാജ്യങ്ങളും യൂറോപ്യന്‍ രാജ്യങ്ങളും ഭിന്നലൈംഗിക ശേഷിയുള്ള ആളുകളെ അംഗീകരിക്കുമ്പോള്‍ ഓസ്ട്രേലിയ മാത്രം എന്തിന് മാറി നില്‍ക്കണമെന്നാണ് ഇതിനെ അനുകൂലിക്കുന്നവര്‍ ഉന്നയിക്കുന്ന ചോദ്യം. അതേസമയം ബില്ലിന്റെ ആവശ്യം പോലുമില്ലെന്നും ഓസ്ട്രേലിയ ഇതൊരിക്കലും അംഗീകരിക്കില്ലെന്നും യാഥാസ്ഥിതികരായ ഒരു കൂട്ടം നേതാക്കള്‍ അഭിപ്രായപ്പെടുന്നുണ്ട്.
ജൂണ്‍ പതിനെട്ടോട് കൂടി മാര്യേജ് ഇക്വാളിറ്റി ബില്ല് അവതരിപ്പിച്ച് നവംബര്‍ 12 നു വോട്ടിങ് നടത്താനാവുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്ന് ഗ്രീന്‍സിന്റെ സെനേറ്റര്‍ സെറ ഹാന്‍സണ്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വരുന്ന ആഴ്ച്ച പ്രസ്തുത ബില്ല് തിരഞ്ഞെടുത്ത സഭാപ്രതിനിധികള്ക്കു മുന്നില്‍ അവതരിപ്പിക്കപ്പെടുമെന്നും ബില്‍ ഷോര്‍ട്ടന്‍ വ്യക്തമാക്കി.
സ്വവര്‍ഗ്ഗ വിവാഹങ്ങളെ അംഗീകരിക്കുന്ന കാര്യത്തില്‍ യുകെയും ന്യൂസിലാന്‍ഡും കാനഡയും ഉള്‍ക്കൊള്ളുന്ന കോമ്മണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ ഓസ്ട്രേലിയ തീര്‍ത്തും ഒറ്റപ്പെട്ടിരിക്കുകയാണെന്നാണ് കമ്മ്യൂണിക്കേഷന്‍ വകുപ്പ് മന്ത്രി മാല്‍കോം ടേണ്ബെല് കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് അഭിപ്രായപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല