സ്വന്തം ലേഖകന്‍: ഒരു രാജ്യം പോലും ഏറ്റെടുക്കാനില്ലാതെ നടുക്കടലില്‍ പട്ടിണി കിടക്കുന്ന മ്യാന്മറിലെ റോഹിങ്ക്യ മുസ്ലീങ്ങളുടെ ദുരവസ്ഥക്കു പിന്നില്‍ ഒരു ബുദ്ധ സന്യാസിയെന്ന് ആരോപണം. മ്യാന്മറിലെ ബിന്‍ ലാദന് എന്നറിയപ്പെടുന്ന അഷിന്‍ വിരാതു എന്ന ബുദ്ധസന്ന്യാസിയാണ് കൊടിയ മുസ്ലീം വിരുദ്ധ പ്രസംഗങ്ങളിലൂടെയും കൂട്ടക്കൊലകളിലൂടേയും കൊടിയ പീഡനങ്ങളിലൂടേയും കുപ്രസിദ്ധനാകുന്നത്.
മ്യാന്മറില് വ്യാപകമായ ഇസ്ലാം വിരുദ്ധ വികാരത്തിന് വിരാതുവിന്റെ വിഷം ചീറ്റുന്ന പ്രസംഗങ്ങള്‍ക്ക് വലിയ പങ്കാണുള്ളത്. എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാവുന്ന അന്തരീക്ഷത്തിലാണ് നിലവില്‍ മ്യാന്മറിലെ റൊഹീങ്ക്യകളുടെ ജീവിതം. പിറന്ന നാട്ടില്‍ നിന്നും മരണം കാത്തിരിക്കുന്ന കടലിനെ വകവക്കാതെ കള്ളക്കടത്തുകാര്‍ക്കും മനുഷ്യക്കടത്തുകാര്‍ക്കും സമ്പാദ്യം മുഴുവന്‍ നല്കി റൊഹീങ്ക്യകള് രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍, അത് നാട്ടില്‍ ജീവിതം അത്രമേല്‍ അസഹ്യമായതുകൊണ്ടാണ്, ലണ്ടനിലെ ക്യൂന്‍ മേരി സര്‍വകലാശാലയിലെ പെന്നി ഗ്രീന്‍ പറയുന്നു.
പതിഞ്ഞ ശബ്ദത്തിലുള്ള വംശീയ വിദ്വേഷം ഒളിപ്പിച്ച പ്രസംഗങ്ങളാണ് വിരാതുവിനെ കുപ്രസിദ്ധനാക്കിയത്. തലമുണ്ഡനം ചെയ്ത് കാഷായവസ്ത്രം ധരിച്ച് മറ്റു ബുദ്ധസന്ന്യാസികളെ പോലെയാണ് വിരാതു പൊതു വേദികളില്‍ പ്രത്യക്ഷപ്പെടുക. എന്നാല്‍ വിരാതുവിന്റെ മന്ഡാലെയിലുള്ള ബുദ്ധമഠം റൊഹീങ്ക്യകള്‍ക്കെതിരായ വിദ്വേഷ പരാമര്‍ശങ്ങള്‍ നിറഞ്ഞ പോസ്റ്ററുകള്‍ കൊണ്ടും ചിത്രങ്ങള്‍ കൊണ്ടും നിറഞ്ഞിരിക്കുകയാണ്.
2013 ല്‍ ബിബിസി തയ്യാറാക്കിയ ഡോക്യുമെന്ററിയില്‍ ആശ്രമം സംബന്ധിച്ച ചോദ്യത്തിന് ഞങ്ങളുടെ മതത്തേയും ദേശീയ താത്പര്യത്തേയും സംരക്ഷിക്കുന്നതിനാണ് ഇത്തരം ചിത്രങ്ങള്‍ ഉപയോഗിക്കുന്നത് എന്നായിരുന്നു വിരാതുവിന്റെ മറുപടി. ഞങ്ങള്‍ ഞങ്ങളുടെ ജനങ്ങളെ സംരക്ഷിച്ചില്ലെങ്കില്‍ അവര്‍ ദുര്‍ബലരാകും. അത് രാജ്യത്തെ കൂടുതല്‍ അക്രമങ്ങളിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. ദുര്‍ബലരാകുമ്പോള്‍ മാത്രം നന്നായി പെരുമാറുന്നവരാണ് മുസ്ലീങ്ങള്‍. ശക്തരാകുമ്പോള്‍ അവര്‍ ചെന്നായ്ക്കളെ പോലെയും കുറുക്കന്മാരെ പോലെയുമാണ് പെരുമാറുക. കൂട്ടം കൂട്ടമായി വന്ന് മറ്റു മൃഗങ്ങളെ അവര്‍ വേട്ടയാടും എന്നിങ്ങനെയാണ് വിരാതുവിന്റെ നിലപാടുകള്‍.
മ്യാന്മറിലെ റൊഹീങ്ക്യകള്‍ക്കെതിരായ അക്രമങ്ങള്‍ക്ക് നേതൃത്വം നല്കുന്ന തീവ്ര ദേശീയ പ്രസ്ഥാനമായ 969 ന്റെ പ്രധാന നേതാവു കൂടിയാണ് വിരാതു. 2013 ല്‍ ടൈം മാഗസിന്റെ ബുദ്ധ തീവ്രവാദത്തിന്റെ മുഖം എന്ന തലക്കെട്ടില്‍ അഷിന്‍ വിരാതുവിനെക്കുറിച്ച് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ആ ലേഖനത്തില്‍ ബര്‍മയിലെ ബിന്ലാദന് എന്നാണ് വിരാതുവിനെ ടൈം വിശേഷിപ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല