1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 9, 2011

ഇടമലയാര്‍ അഴിമതിക്കേസില്‍ സുപ്രീം കോടതി ശിക്ഷിച്ച ആര്‍ ബാലകൃഷ്ണ പിള്ളയെ ജയില്‍ മോചിതനാക്കാന്‍ ശ്രമം നടക്കുന്നതായി ആക്ഷേപം. സംസ്ഥാനത്തെ സെന്‍ട്രല്‍ ജയിലുകളില്‍ കഴിയുന്ന 75 വയസ്സ് കഴിഞ്ഞ തടവുകാരുടെ കണക്കെടുക്കുന്നത് പിള്ളയെ മോചിപ്പിയ്ക്കുന്നത് ഉന്നമിട്ടാണത്രേ.

രോഗവും പ്രായാധിക്യവും കണക്കിലെടുത്ത് 75 കഴിഞ്ഞ മറ്റ് തടവുകാരെ വിട്ടയ്ക്കുന്നതിനൊപ്പം ബാലകൃഷ്ണപിള്ളയേയും വിട്ടയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത്തരക്കാരെ വിട്ടയ്ക്കുമ്പോള്‍ 78 വയസ്സായ ബാലകൃഷ്ണപിള്ളയെ കൂടി അതില്‍ ഉള്‍പ്പെടുത്തിയാല്‍ അധികം പ്രശ്‌നമുണ്ടാവില്ലെന്നാണ് ഇതിന് ശ്രമിയ്ക്കുന്നവരുടെ കണക്കുക്കൂട്ടല്‍.

പൂജപ്പുര, വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ ശിക്ഷിക്കപ്പെട്ട് കഴിയുന്ന 75 വയസ്സുകഴിഞ്ഞവരുടെ ലിസ്റ്റ്
ഉടന്‍ നല്‍കാനാണ് ജയില്‍ ആസ്ഥാനത്തുനിന്ന് നല്‍കിയ നിര്‍ദ്ദേശം. പട്ടിക ലഭിച്ചതിന് ശേഷം ജയില്‍വകുപ്പ് ഇത് സര്‍ക്കാരിന് കൈമാറും.

സര്‍ക്കാരിന്റെ താത്പര്യപ്രകാരം ജയില്‍വകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ബോര്‍ഡ് കൂടി ഇവരുടെ രോഗസ്ഥിതിയും അവശതയും കണക്കിലെടുത്ത് റിപ്പോര്‍ട്ട് നല്‍കും. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരാകും ഇവരെ വിട്ടയയ്ക്കാനുള്ള തീരുമാനമെടുക്കുക. ഗവര്‍ണറുടെ അനുമതിയും ഇക്കാര്യത്തില്‍ വേണ്ടതുണ്ട്.

ശിക്ഷയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് ബാലകൃഷ്ണ പിള്ള നേരത്തെ തന്നെ സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു. ഇതിന്‍മേല്‍ ജയില്‍വകുപ്പിന്റെ റിപ്പോര്‍ട്ട് വ്യാഴാഴ്ച സര്‍ക്കാരിന് കൈമാറുമെന്നാണ് അറിയുന്നത്. എന്നാല്‍ അപേക്ഷയില്‍ ചൂണ്ടിക്കാണിയ്ക്കുന്ന കാരണങ്ങളുടെ പേരില്‍ ബാലകൃഷ്ണ പിള്ളയ്ക്ക് ഇളവ് നല്‍കുന്നത് നിയമപരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് ജയില്‍ വകുപ്പിന്റെ അഭിപ്രായമെന്ന് അറിയുന്നു. പ്രായവും രോഗവും കണക്കിലെടുത്ത് തന്നെ വിട്ടയ്ക്കണമെന്നായിരുന്നു പിള്ളയുടെ അപേക്ഷ.

മൂന്നുമാസം മുമ്പ് പൂജപ്പുര ജയിലില്‍ എത്തിയ പിള്ള ഏറ്റവുമൊടുവില്‍ 13 ദിവസത്തെ പരോള്‍ കിട്ടി ഇപ്പോള്‍ പുറത്താണ്. നേരത്തെ കിട്ടിയതടക്കം ഇതോടെ അനുവദനീയമായ 45 ദിവസത്തെ പരോള്‍ പൂര്‍ത്തിയാകും. അഴിമതിക്കേസില്‍ ശിക്ഷിയ്ക്കപ്പെട്ട പ്രതിയെ ഇളവ് നല്‍കി പുറത്തുവിടുന്നത് വന്‍ പ്രതിഷേധം ക്ഷണിച്ചുവരുത്തുമെന്ന് സര്‍ക്കാരിന് ആശങ്കയുണ്ട്. സുപ്രീം കോടതി തന്നെ നേരിട്ട് ശിക്ഷിച്ച കേസില്‍ ഇങ്ങനെ ഒരു നടപടിയുണ്ടായാല്‍ കോടതിയുടെ വിമര്‍ശനവും സര്‍ക്കാരിന് നേരിടേണ്ടി വന്നേക്കാം. നേരിയ ഭൂരിപക്ഷത്തിന് ഭരണത്തിലേറിയ സര്‍ക്കാരിന്റെ നിലനില്‍പിന് തന്നെ ഇത് ഒരുപക്ഷേ ഭീഷണിയായേക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.