സ്വന്തം ലേഖകന്‍: ദക്ഷിണ കൊറിയയില്‍ മേര്സ് (മിഡില്‍ ഈസ്റ്റ് റസ്പിരേറ്ററി സിന്‍ഡ്രോം) രോഗം പടരുന്നതായി സൂചന. ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ മൂന്നാമത്തെ രോഗിക്കും മേര്സ് വൈറസ് ബാധയുള്ളതായി കൊറിയന്‍ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.
ശ്വാസതടസവും കടുത്ത പനിയുമാണ് മേര്സ് രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ട ബഹ്റിന്, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി തിരിച്ചെത്തി ആള്‍ക്കാണ് കഴിഞ്ഞ ബുധനാഴ്ച ആദ്യമായി രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ സുഖം പ്രാപിച്ചു വരുന്നതായും എന്നാല്‍ ഇപ്പോഴും നേരിയ ശ്വാസ തടസമനുഭവപ്പെടുന്നതായും സാംക്രമികരോഗ വിദഗ്ദനായ ഷിന് ഹ്യോങ് ഷിക് അറിയിച്ചു.
രോഗിയുമായുണ്ടായ സമ്പര്‍ക്കത്താലാണ് മറ്റു രണ്ട് കേസുകളിലും വൈറസ് ബാധിച്ചത്. രോഗിയുടെ 63 വയസ് പ്രായമുള്ള ഭാര്യയും ഇരുവരുമായി ആശുപത്രിമുറി പങ്കിട്ട എഴുപത്തിയാറുകാരനായ മറ്റൊരു രോഗിയുമാണ് ഇപ്പോള്‍ ബാധ സ്ഥിരീകരിക്കപ്പെട്ടവര്‍. കടുത്ത പനിയുണ്ടെങ്കിലും ഇവര്‍ ശ്വാസതടസത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നില്ല.
ഇവരുമായി അടുത്ത ബന്ധം പുലര്‍ത്തിയ കുടുംബാംഗങ്ങളും ആരോഗ്യപ്രവര്‍ത്തകരുമടക്കം 64 പേര് പ്രത്യേക നിരീക്ഷണത്തിലാണ്. ഇവരെ തനിയെ പാര്‍പ്പിച്ചിരിക്കുന്നതിനാല്‍ രോഗം പകരാന്‍ സാധ്യതയില്ലെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ രോഗനിയന്ത്രണ നിവാരണ വിഭാഗം ഡയറക്ടര്‍ യാങ് ബ്യൂങ് ഗക് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല