സ്വന്തം ലേഖകന്‍: വിദേശ രാജ്യങ്ങളിലേക്കുള്ള നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റില്‍ മറ്റു രാജ്യങ്ങള്‍ ഇന്ത്യയെ കൈയ്യൊഴിയുമെന്ന ആശങ്ക വര്‍ദ്ധിക്കുന്നു. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ കര്‍ശന നിലപാടാണ് വിദേശത്ത് ജോലിക്ക് ശ്രമിക്കുന്ന മലയാളികള്‍ അടക്കമുള്ള നഴ്‌സുമാര്‍ക്ക് തിരിച്ചടിയാകുന്നത്.
നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമാക്കിതോടെ പ്രവാസികാര്യ മന്ത്രാലയത്തിന്റെ ഉത്തരവിലെ വ്യവസ്ഥകള്‍ വിദേശ രാജ്യങ്ങളെ ഇന്ത്യയുമായുള്ള കരാറില്‍ നിന്നു പിന്തിരിപ്പിക്കുകയാണ്.
വിദേശത്ത് ജോലി തേടുന്ന നഴ്‌സുമാരെ സ്വകാര്യ ഏജന്‍സികളുടെ ചൂഷണത്തില്‍ നിന്നു രക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള നഴ്‌സ് റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമാക്കിയത്. സ്വകാര്യ ഏജന്‍സികള്‍ വഴിയുള്ള റിക്രൂട്ട്‌മെന്റ് അവസാനിപ്പിച്ചുവെങ്കിലും, സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ല.
നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന കര്‍ശന നിലപാടാണ് ചര്‍ച്ചകള്‍ ഇഴയാന്‍ കാരണമെന്നാണ് സൂചന. റിക്രൂട്ട്‌മെന്റിന് ചെലവാകുന്ന മുഴുവന്‍ തുകയും നിയമനം നടത്തുന്ന ആശുപത്രികള്‍ വഹിക്കണമെന്ന സര്‍ക്കാരിന്റെ നിലപാട് വിദേശരാജ്യങ്ങളെ അകറ്റുകയാണ്.
റിക്രൂട്ട്‌മെന്റിനു ചെലവാകുന്ന തുക നഴ്‌സുമാരില്‍ നിന്ന് പ്രത്യക്ഷമായോ പരോക്ഷമായോ ഈടാക്കരുതെന്ന് കേന്ദ്ര പ്രവാസികാര്യ മന്ത്രാലയം മേയ് ഏഴിന് ഇറക്കിയ ഉത്തരവില്‍ പറയുന്നു. സ്വകാര്യ ഏജന്‍സികള്‍ വഴി റിക്രൂട്ട്‌മെന്റ് നടത്തുമ്പോള്‍ ചെറിയ തുക പോലും വിദേശത്തെ ആശുപത്രികള്‍ക്ക് ചെലവഴിക്കേണ്ടാതിരുന്ന സ്ഥാനത്താണ് ഇത്.
റിക്രൂട്ട്‌മെന്റ് പൂര്‍ണമായും സൗജന്യമായിരിക്കണമെന്ന സര്‍ക്കാര്‍ നിലപാട് പ്രത്യക്ഷത്തില്‍ നഴ്‌സുമാര്‍ക്ക് ഗുണകരമാണെങ്കിലും, വിദേശരാജ്യങ്ങള്‍ ഇന്ത്യയ്ക്കു പകരം ഇന്തോനേഷ്യയുള്‍പ്പെടെയുള്ള രാജ്യങ്ങളെ കൂടുതലായി ആശ്രയിക്കുന്നതിലേക്ക് ഇത് വഴി തെളിച്ചേക്കും. ആയിരക്കണക്കിന് ഇന്ത്യന്‍ നഴ്‌സുമാരുടെ തൊഴിലവസരങ്ങള്‍ നഷ്ടമാകുന്നതായിരിക്കും ഫലം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല