സെപ്പ് ബ്ലാറ്റര്‍ ഫിഫ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. തുടര്‍ച്ചയായി അഞ്ചാം തവണയും ഫിഫ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് ഒരാഴ്ച്ചയ്ക്ക് ശേഷമാണ് ബ്ലാറ്ററുടെ രാജി. തന്റെ സ്ഥാനം പലരുടെയും അനിഷ്ടം ക്ഷണിച്ചു വരുത്തിയിട്ടുണ്ടെന്നും എല്ലാവരുടേയും പിന്തുണയില്ലാതെ പ്രസിഡണ്ട് സ്ഥാനത്ത് തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ബ്ലാറ്റര്‍ പറഞ്ഞു. ഫിഫയുടെ താല്‍പര്യങ്ങളും ഫുട്‌ബോളുമാണ് വലുത്. അതുകൊണ്ടാണ് രാജിവെയ്ക്കുന്നത്. ഇനി ഫിഫ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. ഫിഫ നിയമങ്ങളില്‍ അഴിച്ചുപണി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ബ്ലാറ്റര്‍ രാജിവെച്ച സാഹചര്യത്തില്‍ പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാനായി ഫിഫ കോണ്‍ഗ്രസ് ഉടന്‍ ചേരുമെന്നാണ് വിവരം.
ഫിഫ തനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. എന്നാല്‍ എല്ലാവരുടേയും പിന്തുണയില്ലാതെ ഫിഫ പ്രസിഡണ്ട് സ്ഥാനത്ത് തുടരാന്‍ ആഗ്രഹിക്കുന്നില്ല. പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്നത് വരെ തല്‍സ്ഥാനത്ത് തുടരാന്‍ സന്നദ്ധനാണ്. അടുത്ത ഫിഫ കോണ്‍ഗ്രസ് 2016 മെയ് 13ന് മെക്‌സിക്കോ സിറ്റിയില്‍ വെച്ച് നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ എത്രയു വേഗം കോണ്‍ഗ്രസ് വിളിച്ചുകൂട്ടി തന്റെ പിന്‍ഗാമിയെ തെരഞ്ഞെടുക്കാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയോട് ആവശ്യപ്പെടും. പ്രസിഡണ്ട് സ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥികളെ എല്ലാവര്‍ക്കും നിര്‍ദേശിക്കും. ഫിഫ നിയമാവലി പ്രകാരമായിരിക്കും തെരഞ്ഞെടുപ്പ്. തന്നെ പിന്തുണച്ച എല്ലാവര്‍ക്കും ഈ വേളയില്‍ നന്ദി അറിയിക്കുന്നുവെന്നും ബ്ലാറ്റര്‍ പറഞ്ഞു.
തങ്ങളുടെ എതിര്‍പ്പുകളെ അവഗണിച്ച് ബ്ലാറ്ററെ വീണ്ടും ഫിഫ പ്രസിഡണ്ടായി തെരഞ്ഞെടുത്ത സാഹചര്യത്തില്‍ ഫിഫയ്‌ക്കെതിരെ കടുത്ത നടപടികളുമായി മുന്നോട്ടുപോകാന്‍ യൂറോപ്യന്‍ ഫുട്‌ബോള്‍ സംഘടന യുവേഫ തീരുമാനിച്ചിരുന്നു. ബ്ലാറ്റര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ 2018ല്‍ റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പിന് ബദലായി മറ്റൊരു ലോകകപ്പ് സംഘടിപ്പിക്കാന്‍ യുവേഫ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് ബ്ലാറ്റര്‍ ഫിഫ പ്രസിഡണ്ട് സ്ഥാനം രാജിവെച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല