സ്വന്തം ലേഖകന്‍: ഈജിപ്തിലെ മുന്‍ പ്രസിഡന്റും ബ്രദര്‍ഹുഡ് നേതാവുമായ മുഹമ്മദ് മുര്‍സിയെ വധശിക്ഷക്കു വിധിച്ച കേസിലെ അന്തിമവിധി പുറപ്പെടുവിക്കുന്നത് ഈജിപ്ത് കോടതി നീട്ടവച്ചു. 2011 ലെ ജയില്‍ ഭേദനവുമായി ബന്ധപ്പെട്ട കേസിലാണ് മുര്‍സിക്ക് വധശിക്ഷ ലഭിച്ചത്.
കേസ് ഈ മാസം 16 ലേക്ക് മാറ്റിവെച്ചതായി ജഡ്ജി അറിയിച്ചു. ബ്രദര്‍ഹുഡിന്റെ ഉന്നത നേതാവ് മുഹമ്മദ് ബദീഅ് അടക്കമുള്ള പ്രതികള്‍ക്ക് കഴിഞ്ഞ മാസമാണ് കോടതി വധശിക്ഷ വിധിച്ചത്. പോലീസുകാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തല്‍, പോലീസ് സംവിധാനങ്ങള്‍ ആക്രമിക്കല്‍, രാജ്യത്ത് നടന്ന വിപ്ലവത്തിനിടെ ജയിലുകള്‍ തകര്‍ക്കല്‍ എന്നിവയാണ് മുര്സിക്കും കൂട്ടാളികള്‍ക്കും എതിരായി ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റങ്ങള്‍.
കോടതിക്ക് ഇന്നലെ രാവിലെ മുഫ്തിയുടെ അഭിപ്രായം ലഭിച്ചിട്ടുണ്ടെന്നും ഇത് ചര്‍ച്ച ചെയ്യാന്‍ സമയം ആവശ്യമാണെന്നും കേസ് നീട്ടി വച്ചുകൊണ്ട് ജഡ്ജി ഷാബാന് എല്‍ ഷാമി പറഞ്ഞു. ഈജിപ്തിലെ ഉന്നത മത അതോറിറ്റിയാണ് മുഫ്തി. ശിക്ഷ നടപ്പാക്കാന്‍ മുഫ്തിയുടെ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്.
ഹമാസും ഹിസ്ബുല്ലയുമായി ചേര്‍ന്ന് ബ്രദര്‍ഹുഡ് നേതാവ് ഖൈറാത് എല്‍ ശാത്തറും മറ്റ് 15 പേരും ഈജിപ്ത് സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്ന കേസിലെ അന്തിമ വിധി പ്രസ്താവവും കോടതി ഈ മാസം 16 ലേക്ക് മാറ്റി. അതേസമയം 2013 ല്‍ സൈനിക തലവനായിരുന്ന, ഇപ്പോള്‍ പ്രസിഡന്റ് പദത്തിലിരിക്കുന്ന അബ്ദുല്‍ ഫത്ത അല്‍സീസി നടത്തിയ അട്ടിമറിയുടെ ഭാഗമാണ് തനിക്കെതിരായ കേസെന്നാണ് മുര്‍സിയുടെ നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല