യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മയുടെ പ്രവര്‍ത്തനങ്ങളെ വേണ്ടവിധത്തില്‍ ഏകോപിപ്പിക്കുന്നതിനും ആഗോളതലത്തിലെ മലയാളികളുടെ സ്വരം ഒന്നായിത്തന്നെ കേള്‍ക്കുവാനും കഴിയുംവിധം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുവാനും വേള്‍ഡ് മലയാളി കൌണ്‍സിലും യുക്മയും സഹകരിക്കുവാന്‍ ധാരണയായി. എതാനുംമാസങ്ങളായി വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ യു കെ പ്രോവിന്‍സ് ഭാരവാഹികളുമായി യുക്മ ഭാരവാഹികള്‍ നടത്തി വന്ന മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് സഹകരണത്തിനുള്ള തീരുമാനമുണ്ടായത്.
യുക്മയുടെ പ്രവര്‍ത്തന മികവിന് അംഗീകാരമായി വേണം ലോക മലയാളികളുടെ സംഘടനയായ വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ സഹകരണ വാഗ്ദാനത്തെക്കാണാന്‍. വേള്‍ഡ് മലയാളി കൌണ്‍സിലിലെ രണ്ടു പ്രബലവിഭാഗങ്ങള്‍ (ശ്രീ. ആന്‍ഡ്രൂ പാപ്പച്ചന്‍ വിഭാഗവും ഡോ. ജോര്‍ജ് ജേക്കബ് വിഭാഗവും) തങ്ങളുടെ പടലപ്പിണക്കങ്ങള്‍ അവസാനിപ്പിച്ചതോടെയാണ് സ്ഥാപക അംഗങ്ങളുള്‍പ്പെടുന്ന യു കെ പ്രോവിന്‍സ് ഭാരവാഹികള്‍ വിപുലീകരനത്തിനൊരുങ്ങുന്നത്. കേന്ദ്രത്തിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കുന്നതോടെ മാത്രം സജീവമാകുമെന്ന് തീരുമാനിച്ചിരുന്ന യു കെ പ്രോവിന്‍സ് ഭാരവാഹികളോടൊപ്പം യുക്മയും സഹകരിക്കുന്നതോടുകൂടി ആഗോള അടിസ്ഥാനത്തില്‍ മലയാളികള്‍ ഒന്നടങ്കം യോജിക്കേണ്ടതിന്റെ ആവശ്യകതയുടെ സന്ദേഹങ്ങള്‍ക്ക് വിരാമമാകുകയാണ്.
വേള്‍ഡ് മലയാളി കൌണ്‍സില്‍ സ്ഥാപക അംഗവും യു കെ പ്രോവിന്‍സ് സെക്രട്ടറിയുമായ ശ്രീ. അബ്ദുല്‍ നജീബിന്റെ പ്രത്യേക താല്‍പ്പര്യപ്രകാരമുള്ള ചര്‍ച്ചകളും യുക്മയുടെ പ്രതിനിധി ശ്രീമതി ആന്‍സി ജോയിയുടെ ദുബായ് സന്ദര്‍ശനത്തിലെ വേള്‍ഡ് മലയാളി മീറ്റിന്റെ അനുഭവങ്ങളും യോജിപ്പിന്റെ പാതയില്‍ മുതല്ക്കൂട്ടായി.
യുക്മ പ്രസിഡന്റ് ശ്രീ. ഫ്രാന്‍സീസ് കവളക്കാട്ടിന്റെയും ജനറല്‍ സെക്രടറി സജീഷ് ടോമിന്റെയും നേതൃത്വത്തിലെ ഭരണസമിതിയുടെ നെറ്റിയിലെ തിലകക്കുറിയായി ഈ യോജിപ്പ് എന്നതില്‍ സംശയമില്ല. യുക്മയുടെ മുന്‍ നേതാക്കളും നിലവിലുള്ള നേതൃത്വവും ഒന്നായി ഒരേസ്വരത്തില്‍ കൈയ്യടിച്ചപ്പോള്‍, യുക്മയുടെ നേതാക്കള്‍ പലതട്ടിലാണ് എന്ന കുപ്രചരണരനത്തിനെതിരെ യുക്മയുടെ ഐക്യത്തിന്റെ പ്രഖ്യാപനവും കൂടെയായിരുന്നു സംഭവിച്ചത്.
വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ ഇരുവിഭാഗത്തിലെയും നേതാക്കളായ ശ്രീ. V.C. പ്രവീണ്‍, ശ്രീ. A.S. ജോസ്, Adv. സിറിയക് തോമസ്, ശ്രീ. ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, ശ്രീ. ജോണി കുരുവിള, ശ്രീ. അലക്‌സ് കോശി എന്നീ നേതൃത്വത്തിന്റെ അനുഗ്രഹാശിസ്സുകളോടെ വേള്‍ഡ് മലയാളി കൌണ്‍സില്‍ യുകെയില്‍ യുക്മയുമായി കൈകോര്‍ക്കുമ്പോള്‍ മലയാളികളുടെ ആഗോളപ്രവര്‍ത്തനത്തിന്റെ പുത്തന്‍ ഉണര്‍വ്വിന്റെ കാഹളം ഉയരുകയാണ്.
നിലവിലെ യു കെ പ്രോവിന്‍സ് പൂര്‍വ്വാധികം ശക്തമായി ലോകമലയാളികളുടെ സൌഹൃദവലയം ബലപ്പെടുത്തുകയും യുക്മയുടെ ശക്തി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതോടെ ആഗോളതലത്തില്‍ യുകെ മലയാളികളുടെ സ്വരം യുഅര്ന്നു നില്‍ക്കുമെന്നതില്‍ സംശയമില്ല. ഏതൊക്കെ തലങ്ങളില്‍ എന്തൊക്കെയാണ് ചെയ്യാന്‍ സാധിക്കുക എന്നതിന്റെ പൂര്‍ണ്ണരൂപം ജൂണ്‍ 20 നു അമേരിക്കയിലെ ന്യൂ ജെഴ്‌സിയിലും നാട്ടില്‍ ചെന്നൈയിലുമായി നടക്കുന്ന ഇരുപതാം വാര്‍ഷിക ആഘോഷങ്ങളുടെയയും ഒപ്പം യൂണിഫിക്കേഷന്‍ പ്രഖ്യാപനവും ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് സമിതി തിരഞ്ഞെടുപ്പും നടക്കുമെന്ന് വിശ്വസിക്കുന്ന ഗ്ലോബല്‍ മീറ്റിനും ശേഷം യുക്മ ഭാരവാഹികളും വേള്‍ഡ് മലയാളി കൌണ്‍സില്‍ യു കെ പ്രോവിന്‍സ് ഭാരവാഹികളും ചേര്‍ന്ന് തീരുമാനിക്കും.
വിശാലവും ശക്തവുമായ ജനകീയ അടിത്തറയാണ് യുക്മയുടെ ബലമെങ്കില്‍ ആഗോളതലത്തിലെ വര്‍ഷങ്ങളായി തുടരുന്ന ശക്തമായ ഇടപെടലുകളാണ് WMC യുടെ കൈമുതല്‍. W M C യുടെ കൂടുതല്‍ യൂണിറ്റുകള്‍ നിലവിലെ യു കെ പ്രോവിന്‌സിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ തുടങ്ങുകയും പ്രവര്‍ത്തന മികവനുസരിച്ച് അവയെ യുക്മയുടെ അതാതു റീജിയനുകളിലെ പ്രവര്‍ത്തനവുമായി സഹകരിക്കുന്ന തരത്തില്‍ പ്രോവിന്‍സുകളായി ഉയര്ത്തുകയും ചെയ്യുന്ന പതിവ് രീതി തന്നെയാകും തുടരുക. പ്രവാസലോകത്ത് മലയാളികള്‍ നേരിടുന്ന വെല്ലുവിളികളെ ശക്തമായി നേരിടുന്നതിനുള്ള ക്രിയാത്മകമായ പരിപാടികള്‍ ആവിഷ്‌കരിക്കുന്നതോടൊപ്പം എല്ലാവരോടും സമദൂര സിദ്ധാന്തത്തില്‍ അടിയുറച്ചു തന്നെയാകും യുക്മയും വേള്‍ഡ് മലയാളി കൌണ്‍സിലും അനുവര്‍ത്തിക്കുക.
വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ ആദ്യ ചെയര്‍മാന്‍ ശക്തനായ മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ശ്രീ.ടി എന്‍ ശേഷനും വൈസ് ചെയര്‍മാന്‍ ഡോ. ബാബു പോള്‍ ഐ എ എസ്, വൈസ് പ്രസിഡന്റ് ശ്രീ. കെ പി പി നമ്പ്യാരും ആയിരുന്നു. പിന്നീട് ഡോ. ബാബു പോള്‍, പദ്മവിഭൂഷന്‍ ഡോ. ജോര്‍ജ്ജ് സുദര്‍ശന്‍, ശ്രീമതി ലേഖ സുദര്‍ശന്‍, തുടര്‍ന്ന് ശ്രീ. ആന്‍ഡ്രൂ പാപ്പച്ചന്‍, ജോളി തടത്തില്‍
എന്നിവരായിരുന്നു ആഗോള ചെയര്‍മാന്മാര്‍. V.C. പ്രവീണ്‍, A.S. ജോസ്, Adv. സിറിയക് തോമസ്, ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, ജോണി കുരുവിള, അലക്‌സ് കോശി എന്നിവരുടെ സംശുദ്ധവും കരുത്തുറ്റതുമായ നേതൃത്വത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല