മലയാളികളുടെ മനസ്സ് കീഴടക്കിയ ‘ പ്രേമം ‘ എന്ന സിനിമയെ കേരളത്തിലെ യുവ എഴുത്തുകാരില്‍ ശ്രദ്ധെയനും ബ്ലോഗറുമായ നിതിന്‍ ജോസ് വിലയിരുത്തുന്നു. എറണാകുളം സെ.അല്‍ബര്‍ട്ട്‌സ് കോളേജില്‍ നിന്നും ഇംഗ്ലീഷ് ബിരുദ പഠനം പൂര്‍ത്തിയാക്കിയ ലേഖകന്‍ കേരളത്തിലെ ഏറ്റവും മികച്ച യുണിവേര്‍സിറ്റി പ്രാസംഗികനായി തിരഞ്ഞെടുക്കപ്പെട്ടയാളാണ്.
നിതിന്‍ ജോസ്.
യാതൊരു പുതുമുകളുമില്ലാത്ത കഥയെ, വ്യത്യസ്ത അവതരണം കൊണ്ട് എങ്ങനെ ‘ കുളിപ്പിചെടുത്ത് ‘ കയ്യടി നേടാമെന്ന് പഠിക്കാന്‍ അല്‍ഫോന്‍സ് പുത്രന്റെ അടുത്തേക്ക് പോയാല്‍ മതി.’ നേരത്തിന് ‘ ശേഷം അല്‌ഫോന്‌സിന്റെ ചിത്രമായ ‘പ്രേമവും’ പ്രേക്ഷക ഹൃദയം കീഴടക്കുന്നതിന്റെ രസതന്ത്രം മറ്റൊന്നല്ല. സിനിമകളിലെ കോപ്പിയടിയും’ഇന്‌സ്പിരേഷനും’ ചര്‍ച്ച ആകുന്ന ഈ കാലത്ത്, ‘ലോകസിനിമാ ചരിത്രത്തില്‍ പുതുമകള്‍ ഒന്നുമില്ലാത്ത ചിത്രം’ എന്ന ‘മാന്യമായ’ മുന്നറിയിപ്പ് നല്‍കിയാണ് ഇക്കുറിയും സംവിധായകന്‍ തന്റെ സിനിമ തീയേറ്ററില്‍ അവതരിപ്പിച്ചത്. പരിചിത കഥയെ,സാങ്കേതികവിദ്യയുടെയും,വശ്യമായ ദ്രിശ്യങ്ങളുടെയും,സംഗീതത്തിന്റെയും മേന്മകള്‍ ഹൈലൈറ്റ് ചെയ്ത് ,കൌശലപൂര്‍വമാണ് പ്രേമവും ഒരുക്കിയിരിക്കുന്നത്.
കഥ
1984 മുതല്‍ 2015 വരെയുള്ള കാലഘട്ടത്തിലാണു സിനിമ നടക്കുന്നത്. ഡേവിഡ് ജോര്‍ജ് (നിവിന്‍ പോളി) എന്നയാളുടെ പ്രി ഡിഗ്രി മുതല്‍ മുപ്പത് വയസ് വരെ നീളുന്ന ജീവിതത്തെ മൂന്ന് പ്രണയ കാലഘട്ടങ്ങളായി അവതരിപ്പിച്ചിരിക്കുന്നു.എന്തിനും ഒപ്പം നില്‍ക്കുന്ന ജോര്‍ജ്, കോയ , ശംഭു എന്നീ മൂന്ന് കൂട്ടുകാരുടെ കൂടി കഥയാണിത്.കൌമാരത്തിലെ കേവല ആകര്‍ഷണത്തില്‍ തുടങ്ങി, തിരിച്ചറിവിന്റെ പ്രായത്തിലെ മനസറിഞ്ഞുള്ള പ്രണയം വരെ പ്രേക്ഷകനെ ബോറടിപ്പിക്കാതെ സ്‌ക്രീനില്‍ മിന്നിമറയുകയാണ് ഈ ചിത്രത്തില്‍. അനുപമ പരമേശ്വര്‍ വേഷമിട്ട മേരി, മലര്‍ (സായി പല്ലവി),സെലിന (മഡോണ സെബാസ്‌റിന്‍) എന്നി നായികമാരും ഈ പ്രണയകാലത്ത് ഡേവിഡ്‌ന്റെ ഹൃദയത്തില്‍ ചേക്കേറുന്നതും, അതിനിടയിലെ ആശങ്കകളും വെല്ലുവിളികളും അതിജീവനവുമാണ് ‘പ്രേമം’. ട്രെയിലര്‍ പോലും ഇറക്കാതെ സസ്‌പെന്‍സ് കീപ്പ് ചെയുന്ന സിനിമയുടെ കഥ കൂടുതല്‍ പറയുന്നത് ഒരു കടുംകൈയാണ്.ഒരു കാര്യം പറഞ്ഞേക്കാം;പോസ്റ്ററില്‍ കാണുന്ന ആളുകള്‍ ഒന്നുമായിരിക്കില്ല സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ മനസ്സില്‍ കൊണ്ട് കേറുന്നത്.
ആലുവാപ്പുഴയുടെ തീരത്ത്..
1983,ഓം ശാന്തി ഓശാന തുടങ്ങിയ ചിത്രങ്ങളില്‍ നമ്മള്‍ കണ്ട ഗൃഹാതുര പശ്ചാത്തലത്തില്‍ തന്നെയാണ് സിനിമ ആരംഭിക്കുന്നത്. കാമുകിയുടെ പിന്നാലെ സൈക്കിള്‍ ഓടിച്ച് നടന്നതും അവളുടെ അഛന്റെ കണ്ണ് വെട്ടിച്ച് കാണാന്‍ ശ്രമിച്ചതും വീട്ടിലേക്ക് ഫോണ്‍ ചെയ്യാന്‍ നോക്കിയതും തുടങ്ങി എണ്പതുകളുടെ ‘പ്രണയവഴികളിലൂടെയാണ് സിനിമ സഞ്ചരിച്ച് തുടങ്ങുന്നത്.
മനോഹരമായ ആലുവ യു സി കോളേജില്‍,രണ്ടാം ഘട്ടം ആരംഭിക്കുമ്പോള്‍, തനതു കാമുകനില്‍ നിന്ന് മീശപിരിച്ച് ,ചടുലവേഗത്തില്‍ എതിരാളിയെ ഇടിച്ച് വീഴ്ത്തുന്ന ഒരു സൂപ്പര്‍ സ്‌റാര്‍ സെറ്റ്അപ്പിലേക്ക് നിവിന്‍ പോളി മാറുമ്പോള്‍ തീയേറ്ററില്‍ കയ്യടിയുടെ മുഴക്കവും കൂടുന്നുണ്ടായിരുന്നു.ഇതില്‍ നിന്നെല്ലാം വ്യതസ്തമായി അടക്കത്തോടെ ക്രമികരിച്ച അവസാന ഭാഗങ്ങള്‍ കൂടിയാകുമ്പോള്‍ പ്രേക്ഷകന്റെ മനസ്സ് നിറയും.
കഥയുമായി ചേര്‍ന്ന് പോകുന്ന ആലുവാപ്പുഴയുടെ തീരത്ത്..ഉള്‍പ്പെടെയുള്ള ഗാനങ്ങള്‍,തക്ക സമയത്ത് ‘കമ്മിഷണര്‍’ സ്‌റ്റൈല്‍ ഡയലോഗ് അടിക്കുന്ന രണ്‍ജി പണിക്കര്‍,ഊട്ടിയിലെ 900 ഏക്കര്‍ റബ്ബര്‍ ഉള്‍പ്പെടെ ചിരിക്കാന്‍ വക ഒത്തിരി നല്‍കുന്ന വിനയ് ഫോര്‍ട്ട്..അങ്ങനെ നോക്കിയിരിക്കുമ്പോള്‍ ദാ രണ്ടേ മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞിട്ടുണ്ടാവും. പോരാത്തതിനു ‘നേരത്തിന്റെ തന്നെ ക്യാമറാമാന്‍ ആയിരുന്ന ആനന്ദ് സി ചന്ദ്രന്റെ ആലുവയുടെ സൗന്ദര്യം വിളിച്ചോതുന്ന ഷോട്ടുകള്‍.അതാണ് പ്രേമം.
പുതുമകളുടെ പ്രേമം
പോസ്റ്ററില്‍ തുടങ്ങുന്നതാണ് സിനിമയുടെ പുതുമ. പൂമ്പാറ്റയെ പ്രതീകമാക്കിക്കൊണ്ട് സിനിമയുടെ മുഴുവന്‍ ഫീലും ഉള്‍ക്കൊള്ളുന്ന ടൈപ്പോഗ്രാഫി ചെയ്ത ടൂണി ജോണിന് ഒരു ലോഡ് പൂച്ചെണ്ട്. പ്രണയത്തിന്റെ പ്രതീകമായി പലവഴി സഞ്ചരിക്കുന്ന ‘പൂമ്പാറ്റ’ സിനിമയിലുടനീളം വരുന്നുമുണ്ട്. സിനിമക്ക് മുന്‍പേയുള്ള ‘കലാപരിപാടിയായ’ ട്രെയിലര്‍ ഒഴിവാക്കികൊണ്ട്, കഥയുടെ സൂചനകള്‍ പോലും നല്‍കാതെ സസ്‌പെന്‍സ് നിലനിര്‍ത്തി,പ്രേക്ഷകനെ തീയറ്ററില്‍ എത്തിച്ച സംവിധായകന്റെ മാര്‍ക്കറ്റിംഗ് തന്ത്രം അപാരം തന്നെ. കൂടെ ‘ആരും യുദ്ധം പ്രിതീക്ഷിച്ചു സിനിമക്ക് വരണ്ട’ എന്ന ഫേസ്ബുക്ക് പോസ്റ്റും.
കാസ്റ്റിങ്ങിലുമുണ്ട് ആ പുതുമ.പുട്ടിയിട്ട സുന്ദരിമാര്‍ക്ക് പകരം നാച്ചുറല്‍ ലുക്ക് ഉള്ള മൂന്നു പേരാണ് നായികാ നിരയിലെത്തുന്നത്. :! മുഖത്ത് മുഖക്കുരു പോലെ ചുവന്ന പാടുകളോടെ എത്തുന്ന മലര്‍ പതിവ് നായികാ സങ്കല്‍പ്പങ്ങളെ തച്ചുടക്കുകയായിരുന്നു. സിനിമ കഴിയുമ്പോള്‍ മലര്‍ ആയിരിക്കും നിങ്ങളുടെ മനസ്സ് നിറയെ.പതിനേഴോളം പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയ ചിത്രം കൂടിയാണിത്.ആലുവാപ്പുഴയുടെ തീരത്ത് തുടങ്ങി സീന്‍ കോന്ട്ര വരെ വ്യതസ്ത മൂഡിലുള്ള പാട്ടും സിനിമയുടെ ജീവനാണ്. പലരുചികളെ ഉള്‍ക്കൊള്ളുന്ന ഗാനങ്ങളൊരുക്കിയതിനൊപ്പം ,നായകനെ സപ്പോര്‍ട്ട് ചെയ്യുന്ന അഭിനയത്തിലൂടെയും ശബരീഷ് വര്‍മ്മ ശ്രദ്ധിക്കപ്പെടുന്നുണ്ട് ചിത്രത്തില്‍.
നൈസ് നിവിന്‍
മലയാള സിനിമയില്‍ തന്റെ അനിഷേധ്യ സ്ഥാനം വിളിച്ചുറപ്പിക്കുന്ന അഭിനയ മികവോടെയാണ് നിവിനെത്തുന്നത്.പ്രണയം നാണം വിരഹം ക്രോധം ഫലിതം..എല്ലാം തന്മയത്വത്തോടെ അദേഹം കൈകാര്യം ചെയ്തിരിക്കുന്നു.സിനിമക്ക് കിട്ടുന്ന ഓരോ കയ്യടിയും താരങ്ങള്‍ക്കും സംവിധായകനുമൊപ്പം നിര്‍മാതാവ് അന്‍വര്‍ റഷീദിനും അവകാശപ്പെട്ടതാണ്.അല്‌ഫോന്‍സിന്റെ എഡിറ്റിംഗ്ഉം നന്നായിട്ടുണ്ട്. അവസാന രംഗങ്ങളില്‍ ഇടിയില്‍ നിന്ന് കല്യാണപന്തലിലേക്കുള്ള കട്ട്ഇന്‍ മറക്കാന്‍ കഴിയില്ല.
ഇടയ്ക്കുള്ള ഇഴച്ചിലും,കഥയിലെ അല്പ്പം അവിശ്വസിനിയതയും ഒഴിച്ച് നിര്‍ത്തിയാല്‍ പ്രേമം കണ്ടിരിക്കാന്‍ രസിപ്പിക്കുന്ന ചിത്രമാണ്.ഒരു ഫേസ്‌കൂബുക്ക്‌ടെ സുഹൃത്ത് പറഞ്ഞപോലെ കൂടെ ഇറങ്ങിയ മറ്റ് രണ്ടു ചിത്രങ്ങള്‍ക്ക് ചില മോശം അഭിപ്രായങ്ങള്‍വന്നാല്‍ മൂന്നാത്തെ മെച്ചപ്പെട്ട ചിത്രത്തെ വലിയ സംഭവമാക്കി ഏറ്റെടുക്കുന്ന മലയാളികളുടെ പതിവ് അത് ഈ ചിത്രത്തിന്റ്റെ ബോക്‌സ് ഓഫീസ് വിജയത്തെ സഹായിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
നേരത്തിനും പ്രേമത്തിനും അപ്പുറം കടക്കാന്‍ അല്‍ഫോന്‍സ് പുത്രന് കഴിയട്ടെ.
Rating: 3/5
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല