സ്വന്തം ലേഖകന്‍: യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളില്‍ കുടിയേറ്റ തൊഴിലാളികള്‍ വ്യാപകമായി ചൂഷണം ചെയ്യപ്പെടുന്നതായി റിപ്പോര്‍ട്ട്. കുടിയേറ്റക്കാരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന യൂറോപ്യന്‍ യൂണിയന് ഏജന്‍സി ഫോര്‍ ഫണ്ഡമെന്റല് റൈറ്റ്സിന്റെ റിപ്പോര്‍ട്ടിലാണ് കുടിയേറ്റ തൊഴിലാളികള്‍ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നത്.
ജര്‍മനിയിലെ നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളാണ് ഏറ്റവും ദുരിതം അനുഭവിക്കുന്നതെന്ന് യൂറോപ്യന്‍ യൂണിയന് ഏജന്‍സി ഫോര്‍ ഫണ്ഡമെന്റല് റൈറ്റസ് ആരോപിക്കുന്നു. ട്രേഡ് യൂണിയന് പ്രതിനിധികള്‍, പോലീസ്, സൂപ്പര്‍വൈസറി പ്രതിനിധികള്‍ എന്നിങ്ങനെ അറുനൂറോളം തെരഞ്ഞെടുത്ത വ്യക്തികളുമായി അഭിമുഖങ്ങള്‍ നടത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.
അഭിമുഖത്തിന് തയ്യാറായവരില്‍ അഞ്ചിലൊന്നാളുകളും ആഴ്ചയില്‍ രണ്ടു വട്ടമെങ്കിലും ചൂഷണത്തിന് ഇരകളാകുന്നു എന്നാണ് വെളിപ്പെടുത്തിയത്. പലരും കരാര്‍ പോലുമില്ലാതെ ആഴ്ചയില്‍ ആറും ഏഴും ദിവസം ജോലി ചെയ്യുകയും ശമ്പളമായി മണിക്കൂറിന് ഒരു യൂറോ മാത്രം കൈപ്പറ്റുകയും ചെയ്യുന്നു.
യൂറോപ്യന്‍ യൂണിയനു പുറത്തു നിന്നുള്ള തൊഴിലാളികള്‍ക്ക് യൂറോപ്പിലുള്ളവര്‍ക്ക് നല്കുന്ന അതേ സംരക്ഷണം ഉറപ്പാക്കുന്ന രാജ്യങ്ങള്‍ വിരളമാണ്. ജര്‍മ്മനിയിലെ തൊഴില്‍ സാഹചര്യങ്ങള്‍ മറ്റു യൂറോ രാജ്യങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ടതാണെന്നാണ് കരുതപ്പെടുന്നത്.
എന്നാല്‍ ജര്‍മ്മനിയിലെ അവസ്ഥ തന്നെ ഇതായിരിക്കെ മറ്റു യൂറോ രാജ്യങ്ങളിലെ കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥയെപ്പറ്റി ആശങ്കയുയര്‍ത്തുന്നതാണ് റിപ്പോര്‍ട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല