സ്വന്തം ലേഖകന്‍: കുവൈറ്റിലേക്കുള്ള നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് താളം തെറ്റിച്ചു കൊണ്ട് മെഡിക്കല്‍ പരിശോധനയ്ക്കുള്ള കേരളത്തിലെ അംഗീകൃത ഏജന്‍സി പ്രവര്‍ത്തനം നിര്‍ത്തി. മെഡിക്കല്‍ പരിശോധക്കായി കുവൈത്ത് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ കേരളത്തിലെ ഏക അംഗീകൃത ഏജന്‍സിയാണ് അടച്ചുപൂട്ടിയത്.
ഇതോടെ പരിശോധനക്കായി നഴ്‌സുമാര്‍ക്ക് ഇനി മുംബൈയില്‍ പോകേണ്ടിവരും. കുവൈത്ത് ആസ്ഥാനമായ ഖദാമത് ഇന്റഗ്രേറ്റഡ് സൊല്യൂഷന്‍സ് എന്ന ഏജന്‍സിയാണു മെഡിക്കല്‍ പരിശോധന നടത്തിയിരുന്നത്. മുമ്പ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിനു 3,600 രൂപയായിരുന്നെങ്കില്‍ ഖദാമത് വഴിയാക്കിയതിനുശേഷം 24,000 രൂപ ഈടാക്കിയിരുന്നു.
ഇതിനെതിരേ രാഷ്ട്രീയ സംഘടനകള്‍ സമരം നടത്തുകയും കമ്പനിക്കെതിരേ ആരോപണങ്ങളുന്നയിച്ചു കൊച്ചിയിലെ ഓഫീസ് ആക്രമിക്കുകയും ചെയ്ത സാഹചര്യത്തിലാണു പ്രവര്‍ത്തനം നിര്‍ത്തുന്നതെന്ന് ഏജന്‍സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കമ്പനിയില്‍ ജോലി ചെയ്യുന്ന 10 ജീവനക്കാരുടെ സുരക്ഷയോര്‍ത്താണു തീരുമാനമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
തദ്ദേശീയര്‍ക്ക് ജോലി നല്‍കുകയെന്ന ലക്ഷ്യത്തില്‍ സൗദി സര്‍ക്കാര്‍ നടപ്പാക്കിയ സ്വദേശിവല്‍ക്കരണം കുവൈത്തിലും ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നു ജോലി തേടുന്നവരുടെ എണ്ണം കുറയ്ക്കാന്‍ കണ്ടെത്തിയ എളുപ്പ മാര്‍ഗമായിരുന്നു മെഡിക്കല്‍ ഫീസ് കുത്തനെ കൂട്ടുക എന്നത്. വിസ സ്റ്റാമ്പ് ചെയ്യാന്‍ ഈടാക്കുന്ന 6500 രൂപ 11,500 ആക്കി ഉയര്‍ത്തിയിട്ടുമുണ്ട്.
കേരളത്തില്‍ ജിസിസി രാജ്യങ്ങളുടെ അംഗീകാരമുള്ള പത്തോളം ആശുപത്രികളില്‍ പരിശോധനയ്ക്കു സൗകര്യമുണ്ടായിരുന്നു. മെഡിക്കല്‍ പരിശോധന പോസിറ്റീവ് ആണെങ്കിലേ കുവൈത്തിലേക്കു വിസ ലഭിക്കൂ. പരിശോധനയ്ക്കു കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ഇനി മുതല്‍ ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലുള്ള സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല