സ്വന്തം ലേഖകന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്റെ പിന്മാറ്റം സംബന്ധിച്ച ചര്‍ച്ചകളും അഭ്യൂഹങ്ങളും കത്തി നില്‍ക്കെ, ബ്രിട്ടനു വേണ്ടി യൂറോപ്യന്‍ യൂണിയന് ഉടമ്പടിയില്‍ മാറ്റം വരുത്താന്‍ തയ്യാറാണെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ പ്രസ്താവിച്ചു.
ബ്രിട്ടന് ആവശ്യപ്പെടുന്നതു പ്രകാരം യൂറോപ്യന്‍ യൂണിയന് ഉടമ്പടിയില്‍ ആവശ്യമായ മാറ്റം വരുത്തുന്നതിന് അംഗരാജ്യങ്ങള്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറാകണമെന്നാണ് മെര്‍ക്കലിന്റെ പ്രസ്താവനയുടെ പൊരുള്‍.
യുകെയെ യൂണിയനില്‍ നിലനിര്‍ത്താന്‍ ചില ഉപാധികള്‍ അംഗീകരിക്കാവുന്നതാണെന്നും, അതില്‍ മറ്റുള്ളവര്‍ക്ക് ഉറക്കം നഷ്ടപ്പെടാന്‍ മാത്രം ഒന്നുമില്ലെന്നും മെര്‍ക്കല്‍ പറഞ്ഞു. യുകെയെ യൂണിയനില്‍ നിലനിര്‍ത്തുക എന്ന ഉത്തരവാദിത്തം യൂറോപ്പ് ഇപ്പോള്‍ ജര്‍മനിയെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്.
ശുഭാപ്തി വിശ്വാസമുണ്ടെങ്കില്‍ പരിഹാരം കാണാന്‍ സാധിക്കുമെന്നു തന്നെയാണ് കരുതുന്നതെന്നും മെര്‍ക്കല്‍ പറഞ്ഞു. അതേസമയം, ഫ്രാന്‍സ് അടക്കം പല പ്രമുഖ യൂറോപ്യന്‍ രാജ്യങ്ങളും ഉടമ്പടിയില്‍ ഭേദഗതി വരുത്തുന്നതിന് എതിരായ നിലപാട് സ്വീകരിക്കുന്നത് യൂണിയനിലെ പ്രശ്നങ്ങള്‍ അത്ര എളുപ്പത്തില്‍ പരിഹരിക്കാന്‍ കഴിയില്ലെന്ന സൂചനയാണ് നല്‍കുന്നത്.
യൂണിയനില്‍ നിന്ന് പിന്മാറുമെന്ന തരത്തില്‍ ബ്രിട്ടന് ഉന്നയിക്കുന്ന പല ആവശ്യങ്ങളും പിന്തുണക്കാന്‍ കഴിയുന്നതാണ്. അഭിപ്രായ വ്യത്യാസമുള്ള കാര്യങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും മെര്‍ക്കല്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല