സ്വന്തം ലേഖകന്‍: യുദ്ധത്തിനെതിരെ സമാധാനമെന്ന പ്രഖ്യാപനവുമായി മാര്‍പാപ്പയുടെ ബോസ്‌നിയന്‍ സന്ദര്‍ശനം തുടങ്ങി. തൊണ്ണൂറുകളിലെ ആഭ്യന്തര യുദ്ധത്തിന്റെ ഓര്‍മ്മകള്‍ ഇപ്പോഴും നീറി നില്‍ക്കുന്ന ബോസ്‌നിയന്‍ സമൂഹത്തില്‍ വംശീയ, മത സൗഹാര്‍ദം നിലനിര്‍ത്തണമെന്ന് മാര്‍പാപ്പ ആഹ്വാനം ചെയ്തു. മാര്‍പാപ്പയുടെ കാര്‍മികത്വത്തില്‍ കൊസവോ സ്റ്റേഡിയത്തില്‍ നടന്ന കുര്‍ബാനയില്‍ അറുപത്തയ്യായിരത്തോളം ആളുകളാണ് പങ്കെടുക്കാനെത്തിയത്.
തന്റെ പ്രസംഗത്തില്‍ ബോസ്‌നിയന്‍ ജനത 20 വര്‍ഷത്തോളം വംശീയമായി വേര്‍തിരിഞ്ഞ് നടത്തിയ പോരാട്ടങ്ങളില്‍ അനുഭവിച്ച യാതനകളെ മാര്‍പാപ്പ ഓര്‍മിച്ചു. കഷ്ടപ്പാടുകളെപ്പറ്റി നിങ്ങളോടു പറയേണ്ടതില്ല. നിങ്ങള്‍ അത് അനുഭവിച്ച ജനതയാണ്. എത്ര വേദനകള്‍, എത്ര കഷ്ടപ്പാടുകള്‍, എത്ര നാശനഷ്ടം, എന്നായിരുന്നു അദ്ദേഹം വികാര നിര്‍ഭരമായ വാക്കുകള്‍. ആയുധം വിറ്റ് യുദ്ധങ്ങള്‍ സൃഷ്ടിക്കുന്ന ലാഭക്കൊതിയന്മാരെ മാര്‍പാപ്പ രൂക്ഷമായി വിമര്‍ശിച്ചു. യുദ്ധത്തെ മറികടക്കാന്‍ വിവിധ മതവിഭാഗങ്ങള്‍ ഒത്തൊരുമയോടെ ശ്രമിക്കണമെന്ന് ആഹ്വാനം ചെയ്ത മാര്‍പാപ്പ മുസ്‌ലിം, ജൂത, ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തി.
രാജ്യത്ത് സെര്‍ബ്, ബോസ്‌നിയന്‍, ക്രൊയേഷ്യന്‍ വിഭാഗങ്ങള്‍ തമ്മില്‍ സ്ഥാപിക്കുന്ന സൗഹൃദം മാതൃകാപരമാണ്. എത്ര ആഴമേറിയ മുറിവുകളും ഓര്‍മകളെ വിശുദ്ധമാക്കിക്കൊണ്ടും ഭാവിയെ പ്രതീക്ഷാനിര്‍ഭരമായി കണ്ടുകൊണ്ടും ഉണക്കാമെന്നതിന് തെളിവാണ്, മാര്‍പാപ്പ പറഞ്ഞു.
1991 ല്‍ യുഗോസ്ലാവിയ തകര്‍ന്നതോടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച ബോസ്‌നിയ വംശീയ യുദ്ധത്തിന്റെ നടുവിലേക്കാണ് പിറന്നു വീണത്. 38 ലക്ഷം ജനങ്ങളില്‍ മുസ്‌ലിം (44ശതമാനം), ഓര്‍ത്തഡോക്‌സ് സെര്‍ബുകള്‍ (32.5 ശതമാനം), കത്തോലിക്ക വിശ്വാസികളായ ക്രൊയേഷ്യന്‍ വംശജര്‍ (17 ശതമാനം) എന്നിവരടങ്ങിയ രാജ്യം ഈ വംശജര്‍ക്കര്‍ക്കിടയില്‍ പിച്ചിച്ചീന്തപ്പെട്ടു.
1992 ഏപ്രില്‍ ആറുമുതല്‍ 1995 ഡിസംബര്‍ 14 വരെ മൂന്നര വര്‍ഷത്തോളം നീണ്ട യുദ്ധത്തില്‍ ഒരു ലക്ഷത്തോളം പേര്‍ മരിച്ചെന്നാണ് എകദേശ കണക്ക്. രണ്ടാം ലോകയുദ്ധത്തിനു ശേഷം യൂറോപ്പ് സാക്ഷ്യം വഹിച്ച ഏറ്റവും വലിയ വംശഹത്യയായിരുന്നു ബോസ്‌നിയയില്‍ നടന്നത്. 1995 ല്‍ നിലവില്‍ വന്ന സമാധാന കരാറാണ് സെര്‍ബ്, ബോസ്‌നിയന്‍, ക്രൊയേഷ്യന്‍ വംശജരെ ഒരുവിധത്തില്‍ സമാധാനത്തിലേക്ക് അടുപ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല