1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 7, 2015

സ്വന്തം ലേഖകന്‍: പലസ്തീന്‍ സംഘര്‍ഷത്തില്‍ കഴിഞ്ഞ വര്‍ഷം 540 കുട്ടികള്‍ കൊല്ലപ്പെട്ടെന്ന് ഐക്യരാഷ്ട്ര സഭ രേഖ. ഇതില്‍ 371 പേര്‍ 12 വയസ്സോ അതില്‍ താഴെയോ പ്രായമുള്ളവരാണ്. ഇസ്രയേലിലെയും പലസ്തീന്‍ പ്രവിശ്യയിലെയും യുഎന്‍ ഏജന്‍സികള്‍ തയാറാക്കിയ റിപ്പോര്‍ട്ട് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിനു കൈമാറി.

യുദ്ധത്തില്‍ മരിച്ച 2,100 പലസ്തീന്‍കാരില്‍ ഉള്‍പ്പെട്ടതാണ് 540 കുട്ടികള്‍. ഇസ്രയേലിന്റെ 67 സൈനികരും ആറു സാധാരണക്കാരും കൊല്ലപ്പെട്ടു. കുട്ടികള്‍ കൊല്ലപ്പെടാന്‍ വഴിവച്ചതിനു റിപ്പോര്‍ട്ടില്‍ ഇസ്രയേലിനെ കുറ്റപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കുട്ടികളെ പലസ്തീന്‍കാര്‍ മനുഷ്യകവചമായി ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല.

യുദ്ധത്തിനിടെ ഗാസയില്‍ യുഎന്‍ ആഭിമുഖ്യത്തിലുള്ള ഏഴു സ്‌കൂളുകള്‍ക്കു നേരെ ഇസ്രയേല്‍ വെടിവയ്പു നടത്തിയിരുന്നു. പലസ്തീന്‍കാര്‍ ഇവിടെ ആയുധങ്ങള്‍ ഒളിപ്പിക്കുകയും ആക്രമണകേന്ദ്രങ്ങളായി ഉപയോഗിക്കുകയും ചെയ്തുവെന്ന് ആരോപിച്ചായിരുന്നു ഇത്.

റിപ്പോര്‍ട്ട് അതേപടി സ്വീകരിക്കണോ അതോ ഇസ്രയേലിനെ കുറ്റപ്പെടുത്തുന്ന ഭാഗം ഒഴിവാക്കണോ എന്നതു സംബന്ധിച്ച അവസാന തീരുമാനം ബാന്‍ കി മൂണിന്റേതാണ്. ഇസ്രയേലിനെ കുറ്റപ്പെടുത്തുന്നത് ഒഴിവാക്കണമെന്നു യുഎസിന്റെ ഭാഗത്തുനിന്നു ശക്തമായ സമ്മര്‍ദമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.