സ്വന്തം ലേഖകന്‍: ആരോഗ്യത്തിനു ഹാനികരമായ പദാര്‍ഥങ്ങള്‍ കണ്ടെത്തിയതിനാല്‍ രാജ്യ വ്യപകമായി നിരോധിച്ചതിനു പുറമെ വിപണിയിലുള്ള വിവിധ കമ്പനികളുടെ പേരിലുള്ള എല്ലാത്തരം നൂഡില്‍സും പരിശോധിക്കാന്‍ ഭക്ഷ്യസുരക്ഷാ, ഗുണമേന്മാ അതോറിറ്റി നടപടി തുടങ്ങി.
നൂഡില്‍സിനു പുറമേ, പാക്കറ്റില്‍ ലഭിക്കുന്ന പാസ്ത, മാക്കറോണി ഉല്‍പന്നങ്ങളും വിശദ പരിശോധനക്കു വിധേയമാക്കും. കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരമില്ലാത്ത ഒട്ടേറെ ഉല്‍പന്നങ്ങള്‍ നിലവില്‍ വിപണിയില്‍ യഥേഷ്ടം വില്‍ക്കുന്നുണ്ടെന്ന് അതോറിറ്റി സിഇഒ യുദ്ധ്‌വീര്‍ സിങ് ചൂണ്ടിക്കാട്ടി.
വില്‍പനാനുമതിയുള്ള ഉല്‍പന്നങ്ങളുടെ പട്ടിക അതോറിറ്റി നാളെ പ്രസിദ്ധീകരിക്കും. നെസ്‌ലെ കമ്പനിയുടെ മാഗി നൂഡില്‍സില്‍ മാത്രം പരിശോധന ഒതുക്കേണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് എല്ലാ കമ്പനികളുടെയും നൂഡില്‍സ് പരിശോധിക്കാനുള്ള തീരുമാനം.
വിവിധ സ്ഥലങ്ങളില്‍നിന്ന് ഇവയുടെ സാംപിളുകള്‍ പരിശോധനയ്ക്കു ശേഖരിക്കും. അംഗീകാരമില്ലാതെ വില്‍ക്കുന്നവ പിടിച്ചെടുക്കും. മറ്റ് ഉല്‍പന്നങ്ങളുടെ ഗുണമേന്മയെക്കുറിച്ചു പരാതി ലഭിച്ചാല്‍ അവയും പരിശോധനയ്ക്കു വിധേയമാക്കും.
മാഗിയുടെ പരസ്യങ്ങളില്‍ വന്ന ബോളിവുഡ് താരങ്ങള്‍ക്കെതിരെ അതോറിറ്റിയുടെ ഭാഗത്തുനിന്ന് ഉടന്‍ നടപടിയുണ്ടാവില്ല. എന്നാല്‍, ഉപഭോക്തൃ വകുപ്പിനു നടപടിയെടുക്കാമെന്നു യുദ്ധ്‌വീര്‍ ചൂണ്ടിക്കാട്ടി.
രാജ്യത്തു ലഭ്യമായ വിവിധ പായ്ക്കറ്റ് ഉല്‍പന്നങ്ങളുടെ ഗുണനിലവാരം സംബന്ധിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പ്രമുഖ കമ്പനിയുടെ പ്രഭാത ലഘുഭക്ഷണവും അതോറിറ്റിയുടെ നിരീക്ഷണത്തിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല