സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ഇറാഖ് സൈന്യത്തിന് നിര്‍ണായക മുന്നേറ്റം നേടാനായതായി സൂചന. ഇസ്ലാമിക് സ്റ്റേറ്റ് കൈവശം വച്ചിരുന്ന സുപ്രധാന കേന്ദ്രങ്ങള്‍ ഇറാഖ് സൈന്യം തിരിച്ച് പിടിച്ചതായാണ് സൂചന. ബെയ്ജി എണ്ണ ശുദ്ധീകരണശാലയും സമീപ പ്രദേശങ്ങളുമാണ് സൈന്യം തിരിച്ച് പിടിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതോടെ തലസ്ഥാനമായ ബാഗ്ദാദ് പിടിച്ചെടുക്കാനുള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി നേരിട്ടുണ്ട്.
ഇറാഖിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലയായ ബെയ്ജി ഓയില്‍ റിഫൈനറി സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഇറാഖി സൈന്യം ഇന്നലെ തിരിച്ചുപിടിച്ചത്. ബാഗ്ദാദില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള ബെയ്ജി ഒരു വര്‍ഷമായി ഇസ്ലാമിക് സ്റ്റേറ്റിന്റെ നിയന്ത്രണത്തിലായിരുന്നു. ഷിയ സേനയുടെ സഹായത്തോടെയാണ് പ്രദേശം സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കിയത്.
ഇറാഖിന്റെ രണ്ടാമത്തെ വലിയ പട്ടണമായി മൊസൂളിലേക്കുള്ള പാത ഇതോടെ സര്‍ക്കാര്‍ അധീനതയിലായി. അതേസമയം, ബാഗ്ദാദിനെ സംരക്ഷിക്കാനുള്ള ശ്രമവും സൈന്യം ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായി ഫലൂജയിലെ വൈദ്യുതി നിലയത്തില്‍ നിന്ന് ഐഎസിന് വൈദ്യുതി ലഭ്യമാകുന്ന ലൈനുകള്‍ സേന വിച്ഛേദിച്ചു. ബാഗ്ദാദിന്റെ വടക്ക് പടിഞ്ഞാറ് ഭാഗങ്ങള്‍ ഐഎസിന്റെ ആക്രമണത്തില്‍ നിന്ന് സുരക്ഷിതമാക്കാനാണ് സൈന്യത്തിന്റെ ശ്രമം.
ഇസ്ലാമിക് സ്റ്റേറ്റിനെതിരെ അമേരിക്കയുടെ വ്യോമാക്രമണം ഇറാഖിലും സിറിയയിലും ശക്തമാണ്. ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 3 മില്യണ്‍ ജനങ്ങളാണ് ഇറാഖില്‍ ഇതുവരെ രാജ്യം വിടേണ്ടി വന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല