സ്വന്തം ലേഖകന്‍: പ്രവാസികളുടെ പാസ്പോര്ട്ടില് റെസിഡന്‍സ് പെര്‍മിറ്റ് (ആര്.പി.) പതിക്കുന്നത് ഒഴിവാക്കാന്‍ ഖത്തര്‍ തീരുമാനിച്ചു. ഇനിമുതല്‍ പ്രവാസികള്‍ക്ക് പുതിയ രീതിയിലുള്ള റെസിഡന്‍സി കാര്‍ഡായിരിക്കും ലഭിക്കുക. പ്രവാസികള്‍ക്കായി സ്റ്റിക്കര്‍ ഫ്രീ റെസിഡന്‍സി പെര്‍മിറ്റ് സംവിധാനം നടപ്പാക്കും.
ആര്.പി. പുതുക്കുമ്പോഴും പാസ്പോര്ട്ടില് സ്റ്റാമ്പ് ചെയ്യില്ല. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ പദ്ധതി വിജയകരമാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് പുതിയ റെസിഡന്‍സി കാര്‍ഡ് പ്രാബല്യത്തില്‍ വരുന്നത്. പാസ്പോര്ട്ടില് റെസിഡന്റ്സ് വിസ സ്റ്റാമ്പ് ചെയ്യുന്നതിന് പകരം മുഴുവന്‍ വിവരങ്ങളും തിരിച്ചറിയല്‍ കാര്‍ഡില്‍ തന്നെ ഉള്കൊള്ളിച്ചുകൊണ്ടുള്ളതായിരിക്കും പുതിയ സംവിധാനം.
ഖത്തറില്‍ താമസവിസയില്‍ എത്തുന്നവര്‍ക്ക് വൈദ്യപരിശോധനയും മറ്റു നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയശേഷം ഐ.ഡി. നമ്പര്‍ ഉള്‍പ്പെടെ പാസ്പോര്ട്ടില് റെസിഡന്റ്സ് പെര്‍മിറ്റ് പതിക്കുന്ന രീതിയാണ് നിലവിലുള്ളത്. ഇതിനുപുറമെ തിരിച്ചറിയല്‍ കാര്‍ഡും നല്‍കാറുണ്ട്. എന്നാല്‍ അതിന് പകരമായി മെട്രാഷ് 2 വഴി കൂടുതല്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള സ്മാര്‍ട്ട് കാര്‍ഡുകള്‍ നല്‍കാനാണ് തീരുമാനം.
ഈ സംവിധാനം നിലവില്‍വരുന്നതോടെ ഓരോ വര്‍ഷവും വിസ പുതുക്കുമ്പോള്‍ പാസ്പോര്ട്ടില് ആര്.പി. മുദ്ര പതിപ്പിക്കുന്ന പരമ്പരാഗത രീതി ഒഴിവാകും. ദീര്‍ഘ കാലമായി രാജ്യത്ത് തങ്ങുന്നവരുടെ പാസ്പോര്‍ട്ടിലെ പേജുകള്‍ എളുപ്പത്തില്‍ തീര്‍ന്നുപോകുന്നതും ഇത് വഴി പരിഹരിക്കാനാകും. ഈ കാര്‍ഡ് ഉപയോഗിച്ച് വിസ സംബന്ധമായ കാര്യങ്ങള്‍ ഓണ്‍ലൈന്‍വഴി ചെയ്യാമെന്ന പ്രത്യേകതയുമുണ്ട്.
നിലവിലെ രീതിയനുസരിച്ച് താമസവിസ ലഭിക്കുന്നവര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ആഭ്യന്തരമന്ത്രാലയത്തിന്റെ സര്‍വീസ് സെന്ററുകളില്‍നിന്ന് തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങുകയും പാസ്പോര്ട്ടില് ആര്.പി. മുദ്ര പതിപ്പിക്കുകയും വേണം. പുതിയ സംവിധാനം നിലവില്‍വരുന്നതോടെ കൂടുതല്‍പേര്‍ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം പ്രതീക്ഷിക്കുന്നത്.
പുതിയ ഡിസൈനിലായിരിക്കും കാര്‍ഡുകള്‍ പുറത്തിറക്കുക. കാര്‍ഡുടമയുടെ പൂര്‍ണ മേല്‍വിലാസവും കാര്‍ഡിലുണ്ടാകും. പ്രവാസികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഖത്തറില്‍ നിന്ന് പുറത്തേക്കു പോകുമ്പോള്‍ തെളിവായി ഉപയോഗിക്കാവുന്ന വിധത്തിലാണ് കാര്‍ഡ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല