സ്വന്തം ലേഖകന്‍: തുര്‍ക്കി തെരഞ്ഞെടുപ്പില്‍ ഭരണ കക്ഷിയായ ജസ്റ്റിസ് ആന്‍ഡ് ഡവലപ്മെന്റ് പാര്‍ട്ടിക്ക് ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കാതിരുന്നതോടെ പുതിയ സര്‍ക്കാര്‍ രൂപീകരണം പ്രതിസന്ധിയില്‍.ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതായതോടെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്.
ഭരണ കക്ഷിയുമായി സഖ്യസര്‍ക്കാരുണ്ടാക്കാന്‍ താല്പര്യമില്ലെന്ന് പ്രധാന പ്രതിപക്ഷ പാര്‍ട്ടികളെല്ലാം വ്യക്തമാക്കിക്കഴിഞ്ഞു. 13 വര്‍ഷം തുര്‍ക്കി ഒറ്റക്ക് ഭരിച്ച അക് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ് ഈ തെരഞ്ഞടുപ്പില്‍ നേരിട്ടത്. 41 ശതമാനം വോട്ട് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കേവല ഭൂരിപക്ഷം നിലനിര്‍ത്താനായില്ല. 550 അംഗ പാര്‍ലമെന്റില്‍ അഹ്മദ് ദാവൂദ് ഒഗ്ലു നയിച്ച അക് പാര്‍ട്ടിക്ക് ലഭിച്ചത് 258 സീറ്റുകളാണ്.
കേവല ഭൂരിപക്ഷത്തിന് വേണ്ടത് 275 സീറ്റുകള്‍. ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ച കുര്‍ദ് അനുകൂല പീപ്പിള്‍സ് ഡെമോക്രസി പാര്‍ട്ടിയുടെ മുന്നേറ്റമാണ് അക് പാര്‍ട്ടിക്ക് തിരിച്ചടിയായത്. 13 ശതമാനം വോട്ട് നേടിയ അവര്‍ 80 സീറ്റുകള്‍ കയ്യടക്കി. മുഖ്യ പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് 132 ഉം നാഷനലിസ്റ്റ് മൂവ്മെന്റ് പാര്‍ട്ടി 80 ഉം സീറ്റുകള്‍ നേടി.
അക് പാര്‍ട്ടിയുമായി കൂട്ട് കൂടാനില്ലെന്ന് മൂന്ന് പാര്‍ട്ടികളും വ്യക്തമാക്കി.എന്നാല്‍ മൂന്ന് പ്രതിപക്ഷ പര്‍ട്ടികളും ചേര്‍ന്ന് കൂട്ടുകക്ഷി സര്‍ക്കാരുണ്ടാക്കുമോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. 45 ദിവസത്തിനകം പുതിയ സര്‍ക്കാര്‍ രൂപീകരിക്കേണ്ടതുണ്ട്. ഒരു പാര്‍ട്ടിക്കും ഒറ്റക്ക് സര്‍ക്കാരുണ്ടാക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ പ്രസിഡന്റ് റജപ് ത്വയ്യിബ് എര്ദുഗാന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്ന് ആഹ്വാനം ചെയ്തു.
പ്രധാനമന്ത്രിയായി മൂന്ന് ഊഴങ്ങള്‍ പൂര്‍ത്തിയാക്കിയതോടെയാണ് അക് പാര്‍ട്ടി നേതാവായ എര്ദുഗാന് പ്രസിഡന്റായത്. ഒറ്റക്ക് ഭൂരിപക്ഷം നേടിയാല്‍ രാജ്യം പ്രസിഡന്റ് ഭരണത്തിലേക്ക് മാറ്റുന്നതിനായുള്ള ഭരണഘടന ഭേദഗതി പാസ്സാക്കുമെന്ന് എര്ദുഗാന് പ്രഖ്യാപിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല