സ്വന്തം ലേഖകന്‍: പതിനഞ്ചാം വയസില്‍ ചെയ്ത കുറ്റത്തിന് 23 വര്‍ഷങ്ങള്‍ക്ക് ശേഷം യുവാവിനെ തൂക്കിക്കൊന്നു. പാകിസ്താനിലാണ് സംഭവം. ക്രിസ്തു മത വിശ്വാസിയായ യുവാവിന് പുതുതായി വന്ന നിയമ പ്രകാരമുള്ള നീതി ലഭിച്ചില്ലെന്ന് ആരോപിച്ച് രാജ്യത്ത് പ്രതിഷേധം പടരുകയാണ്. സംഭവത്തില്‍ മനുഷ്യാവകാശ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി.
ബുധനാഴ്ച പുലര്‍ച്ചെയാണ് ലാഹോറിലെ കോട് ലഖ്പത് ജയിലില്‍ ക്രിസ്തു മത വിശ്വാസിയായ അഫ്താബ് ബഹാദൂറിനെ തൂക്കിലേറ്റിയത്. 1992 ല്‍ നഗരത്തില്‍ നടന്ന ഇരട്ടക്കൊലയില്‍ അന്ന് 15 വയസുണ്ടായിരുന്ന ബഹാദൂര്‍ കുറ്റസമ്മതം നടത്തിയിരുന്നു. എന്നാല്‍ വധശിക്ഷക്ക് വിധേയമാക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 2000 ത്തില്‍ പാകിസ്താന് 15 ല്‍ നിന്ന് 18 ആക്കിയത് ചൂണ്ടിക്കാട്ടിയെങ്കിലും അത് പരിഗണിച്ചില്ലെന്നാണ് ആരോപണം.
സമാന പ്രായത്തില്‍ ഏഴു വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഷഫാക്കത്ത് ഹുസൈന് എന്നയാള്‍ക്ക് മാപ്പു നല്കി വധശിക്ഷ റദ്ദാക്കിയത് കഴിഞ്ഞ ദിവസമാണ്. 22 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചയാള്‍ക്ക് വധശിക്ഷ നല്‍കിയത് വിവേചനവും മനുഷ്യാവകാശ ലംഘനമാണെന്ന് വിവിധ സംഘടകള്‍ ചൂണ്ടിക്കാട്ടി.
ബഹാദൂറിനെ കഠിനമായി മര്‍ദിച്ചാണ് കുറ്റം സമ്മതിപ്പിച്ചതെന്നും സംഘടകള്‍ ആരോപിച്ചു. ബഹാദൂറിന്റെ ബന്ധുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും നടപടിയില്‍ പ്രതിഷേധിച്ച് ലാഹോറില്‍ പ്രകടനം നടത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല