സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ചിലി ഇക്വഡോറിനെ തകര്‍ത്തു വിട്ടു. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കായിരുന്നു ചിലിയുടെ വിജയം. അല്‍ട്ടൂറോ വിദാല്‍, വര്‍ഗാസ് എന്നിവരാണ് ചിലിക്ക് വേണ്ടി ഗോളുകള്‍ നേടിയത്.
അവസരങ്ങള്‍ കളഞ്ഞു കുളിക്കുന്നതില്‍ പരസ്പരം മത്സരിച്ച കളിയിലുടനീളം ഗോളെന്നുറപ്പിച്ച ഒട്ടേറെ അവസരങ്ങളാണ് ഇരു ടീമുകളും നഷ്ടപ്പെടുത്തിയത്. ആദ്യ മത്സരത്തില്‍ ജയത്തില്‍ കുറഞ്ഞതൊന്നും ആതിഥേയരായ ചിലിയുടെ ആരാധകര്‍ക്ക് താങ്ങാനാകുമായിരുന്നില്ല.
ഇത്തവണ കോപ അമേരിക്ക കിരീടം നേടുമെന്ന് കരുതപ്പെടുന്ന ടീമുകളില്‍ ഒന്നായ ചിലി പ്രതീക്ഷകള്‍ കാത്തുകൊണ്ടാണ് ആദ്യ മത്സരം അവസാനിപ്പിച്ചത്. ഗോള്‍ രഹിത ആദ്യ പകുതിക്ക് ശേഷം മത്സരത്തിന്റെ അറുപത്തി ഏഴാം മിനിറ്റിലായിരുന്നു പെനല്‍റ്റിയിലൂടെ ചിലി മുന്നിലെത്തിയത്.
അനാവശ്യമായ ഒരു ഫൗളിലൂടെ ഇക്വഡോര്‍ സമ്മാനിച്ച പെനല്‍റ്റിയിലൂടെയായിരുന്നു ചിലിയുടെ ആദ്യ ഗോള്‍. പെനല്‍റ്റി എടുത്ത അര്‍ട്ടൂറോ വിഡാല്‍ പിഴവുകളേതുമില്ലാതെ പന്ത് വലയിലെത്തിച്ചു. സമനില ഭീഷണികള്‍ അവസാനിപ്പിച്ച് എണ്‍പത്തി നാലാം മിനുറ്റില്‍ വര്‍ഗാസ് ചിലിയുടെ രണ്ടാം ഗോള്‍ നേടി.
മുന്‍ നാപ്പോളി താരമായ വര്‍ഗാസിന്റെ വലം കാലന് അടി ഇക്വഡോഋ വല കുലുക്കിയതോടെ ചിലിയുടെ ക്യാമ്പില്‍ ആഘോഷങ്ങള്‍ തുടങ്ങി. ഇഞ്ചുറി ടൈമില്‍ ചിലി താരം മാറ്റി ഫെര്‍ണാണ്ടസ് മത്സരത്തിലെ രണ്ടാമത്തെ മഞ്ഞക്കാര്‍ഡ് വഴി പുറത്തേക്ക് പോയത് ആഘോഷങ്ങള്‍ക്ക് ചെറുതായി മങ്ങലേല്‍പ്പിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല