സ്വന്തം ലേഖകന്‍: ഗള്‍ഫ് രാജ്യങ്ങളില്‍ മൊബൈല്‍ റോമിംഗ് നിരക്ക് കുറക്കാന്‍ ജിസിസി രാജ്യങ്ങള്‍ തമ്മില്‍ ധാരണയായി. ദോഹയില്‍ നടക്കുന്ന ജിസിസി വാര്‍ത്താ വിനിമയ മന്ത്രിമാരുടെ യോഗത്തിലാണ് റോമിംഗ് നിരക്ക് കുറക്കാനുള്ള തീരുമാനമെടുത്തത്. ഗള്‍ഫ് മേഖലയില്‍ നിരന്തരമായി യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ സാമ്പത്തിക ലാഭമുണ്ടാക്കുന്നതാണ് ഈ തീരുമാനം.
ഖത്തര്‍ ടെലി കമ്യൂണിക്കേഷന്‍ മന്ത്രി ഹസ്സ സുല്‍ത്താന്‍ അല്‍ജബറിന്റെ അധ്യക്ഷതയില്‍ ദോഹയില്‍ നടന്ന ജിസിസി രാജ്യങ്ങളിലെ ടെലി കമ്യൂണിക്കേഷന്‍ മന്ത്രിമാരുടെ യോഗത്തിലാണ് മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസകരമായ തീരുമാനമുണ്ടായത്. ആറ് ജിസിസി അംഗ രാജ്യങ്ങള്‍ക്കിടയില്‍ സ്ഥിരമായി യാത്ര ചെയ്യുന്നവരുടെ ഏറെ നാളായുള്ള ആവശ്യമായിരുന്നു റോമിംഗ് നിരക്ക് കുറക്കുകയെന്നുള്ളത്.
ഫോണ്‍ കോള്‍, എസ്എംഎസ്, ഇന്റര്‍നെറ്റ് എന്നിവയുടെയെല്ലാം നിരക്ക് കുറയ്ക്കാനാണ് തീരുമാനം. വരും വര്‍ഷങ്ങളില്‍ ഘട്ടംഘട്ടമായി നിരക്ക് കുറക്കുകയും പ്രദേശിക, റോമിങ് നിരക്കുകള്‍ കുറയ്ക്കുകയുമാണ് ലക്ഷ്യമിടുന്നത്.
2016 ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും. മൂന്നു വര്‍ഷത്തിനുളളില്‍ ഫോണ്‍ കോള്‍, എസ്എംഎസ് നിരക്കുകള്‍ കുറയും. ഇന്റര്‍നെറ്റ് സേവനത്തിനുളള നിരക്കിളവ് പൂര്‍ണാര്‍ത്ഥത്തില്‍ പ്രാബല്യത്തില്‍ വരാന്‍ അഞ്ചു വര്‍ഷമെടുക്കും. ജിസിസി രാജ്യങ്ങളിലെ പോസ്റ്റല്‍ വിഭാഗത്തിന്റെ പുനരുദ്ധാരണം, സോഷ്യല്‍ മീഡിയയും യുവാക്കളും എന്നീ വിഷയങ്ങളും യോഗത്തില്‍ പരിഗണിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല