സ്വന്തം ലേഖകന്‍: കരിപ്പൂര്‍ വിമാനത്താവള വെടിവപ്പിലേക്ക് നയിച്ച പ്രശ്‌നം അധികാര തര്‍ക്കമെന്ന് സൂചന. സിഐഎസ്എഫും എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാരും തമ്മിലുള്ള അധികാര വടംവലിയാണ് വെടിവെപ്പിലേക്കും ഒരു സിഐഎസ്എഫ് ജവാന്റെ മരണത്തിലേക്കും നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ലഭിക്കുന്ന വിവരം. കഴിഞ്ഞ ഒന്നര വര്‍ഷമായി തുടരുന്ന ഈ തര്‍ക്കം കേന്ദ്ര ആഭ്യന്തര, വ്യോമയാന മന്ത്രാലയം നിസാരമായി തള്ളിക്കളയുകയായിരുന്നെന്നും ആരോപണമുണ്ട്.
കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പൂര്‍ണ്ണ സുരക്ഷാ ചുമതല സിഐഎസ്എഫിനാണ്. സുരക്ഷയുടെ പേരില്‍ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരെ കൂടി കര്‍ശന പരിശോധനക്ക് വിധേയമാക്കാന്‍ തുടങ്ങിയതാണ് പ്രശ്‌നത്തിന്റെ തുടക്കം. ദിവസവും ദേഹ പരിശോധനക്ക് വിധേയരാകാന്‍ കഴിയില്ലെന്ന എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാര്‍ വ്യക്തമാക്കിയതോടെ സംഘര്‍ഷവും തുടങ്ങി.
എന്നാല്‍ പരിശോധനയില്‍ വിട്ടുവീഴ്ചയില്ലെന്ന കടുത്ത നിലപാടിലായിരുന്നു സിഐഎസ്എഫ്. കഴിഞ്ഞ ഒന്നര വര്‍ഷമായി തുടരുന്ന ഈ തര്‍ക്കം പരിഹരിക്കാന്‍ ഗൗരവമായ ഇടപെടല്‍ ഒരിക്കല്‍ പോലും കേന്ദ്ര ആഭ്യന്തര, വ്യോമയാന മന്ത്രാലയങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. വെടിവെപ്പും ഒരു ജവാന്റെ മരണവും നടന്നതിനു ശേഷം സംഭവ സ്ഥലം സന്ദര്‍ശിച്ചപ്പോഴാണ് കേന്ദ്ര ആഭ്യന്തര ജോയിന്റ് സെക്രട്ടറി അശോക് കുമാറിനും സിഐഎസ്എഫ് ഡിജി ആര്‍ എന്‍ സഹായിക്കും സ്ഥിതിഗതികളുടെ ഗുരുതരാവസ്ഥ മനസിലായത്.
സംഘര്‍ഷത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ഇരുവര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ അച്ചടക്ക ലംഘനം നടത്തിയെന്ന് ബോധ്യപ്പെട്ടു. വിമാനത്താവളത്തിന്റെ റണ്‍വേയില്‍ സിഐഎസ്എഫ് ജവാന്‍മാര്‍ ഉണ്ടാക്കിയ നാശനാഷ്ടങ്ങളുടെ വിവരങ്ങളും കേന്ദ്ര ആഭ്യന്തര ജോയിന്‍് സെക്രട്ടറി ശേഖരിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് സംസ്ഥാന ഡിജിപി കൂടി നല്‍കുന്ന റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മേല്‍ നടപടികള്‍. കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ ശിക്ഷാ നടപടികള്‍ ഉണ്ടാകുമെന്ന് തീര്‍ച്ചയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല