സ്വന്തം ലേഖകന്‍: ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റത്തിന് കടിഞ്ഞാണിടാന്‍ ബ്രിട്ടനില്‍ തൊഴില്‍ നിയമ പരിഷ്കരണം വരുന്നു. യൂറോപ്യന്‍ യൂണിയനു പുറത്തു നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കാനെന്ന പേരിലാണ് നിലവിലുള്ള തൊഴില്‍ നിയമം പരിഷ്കരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഒപ്പം വിദഗ്ധ തൊഴിലാളികള്‍ക്കുള്ള കുറഞ്ഞ വേതനപരിധി ഉയര്‍ത്താനും വര്‍ക്ക് പെര്‍മിറ്റുകളുടെ എണ്ണം കുറയ്ക്കാനും പദ്ധതിയുണ്ടെന്നാണ് സൂചന.
ജനപ്രതിനിധി സഭയില്‍ പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ പ്രഖ്യാപിച്ച തൊഴില്‍നിയമ പരിഷ്കരണ ശുപാര്‍ശകള്‍ ഇന്ത്യ അടക്കം ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരെയാണു പ്രധാനമായി ലക്ഷ്യമിടുന്നത്. തൊഴില്‍ മേഖലകളില്‍ വിദേശ തൊഴിലാളികളുടെ തള്ളിക്കയറ്റം മൂലം സ്വദേശികളായവര്‍ക്ക് അവസരം കിട്ടാതെ പോകുന്നതു തടയുകയാണു പരിഷ്കരണങ്ങളുടെ ലക്ഷ്യമെന്നു കാമറൂണ്‍ പറഞ്ഞു.
വീട്ടുജോലിക്കു പോലും വിദേശത്തുനിന്ന് ആളെ നിയമിക്കല്‍ വ്യാപകമായ സാഹചര്യത്തില്‍ യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ള കുടിയേറ്റം തടയാനായി സ്വീകരിക്കേണ്ട നടപടികള്‍ നിര്‍ദേശിക്കാന്‍ കുടിയേറ്റ ഉപദേശക സമിതി (എംഎസി) യോട് അഭ്യര്‍ഥിച്ചതായും പ്രധാനമന്ത്രി വെളിപ്പെടുത്തി.
ബ്രിട്ടനിലെ ആകെ 3,18,000 കുടിയേറ്റക്കാര്‍ ഉണ്ടെന്നാണ് കണക്ക്. പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2010 ലെ തിരഞ്ഞെടുപ്പില്‍ കാമറണിന്റെ പ്രധാന വാഗ്ദാനം കുടിയേറ്റക്കാരുടെ എണ്ണം ഒരുലക്ഷമാക്കി കുറയ്ക്കുമെന്നായിരുന്നു. തൊഴില്‍ നിയമ പരിഷ്കരണങ്ങള്‍ സെപ്റ്റംബറോടെ നിലവില്‍ വരുമെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല