സ്വന്തം ലേഖകന്‍: സൂര്യനു കീഴിലുള്ള എന്തും ഗൂഗിള്‍ ചെയ്തു കണ്ടുപിടിക്കാവുന്ന കാലമാണല്ലോ. എന്നാല്‍ എന്തും തെരഞ്ഞുപിടിക്കാമെന്ന് ഗൂഗിളിന്റെ ആത്മവിശ്വാസം തന്നെ തിരിഞ്ഞുകടിക്കുന്ന ലക്ഷണമാണ് യൂറോപ്പില്‍. ഒരാളുടെ പേരില്‍ സെര്‍ച്ച ചെയ്യുമ്പോള്‍ അയാള്‍ മറക്കാനാഗ്രഹിക്കുന്നതും ഇഷ്ടമില്ലാത്തതുമായ വിവരങ്ങളാണ് സെര്‍ച്ച് ഫലങ്ങളില്‍ വരുന്നതെങ്കില്‍ ഗൂഗിള്‍ അതിന് സമാധാനം പറയണമെന്നാണ് ഫ്രഞ്ച് വിവര സംരക്ഷണ സമിതിയായ സിഎന്‍ഐഎല്‍ ഉത്തരവിറക്കി.
കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ നീതിന്യായ കോടതി പുറപ്പെടുവിച്ച ഉത്തരവ് അനുസരിച്ചാണ് സിഎന്‍ഐഎല്‍ ഉത്തരവ്. ഒരാളുടെ പേരില്‍ തിരയുമ്പോള്‍ ലഭിക്കുന്ന വിവരങ്ങളില്‍ ഏതൊക്കെ വിവരങ്ങള്‍ സെര്‍ച്ച് എന്ജിന് സെര്‍ച്ച് ഫലങ്ങളില്‍ കാണിക്കരുത് എന്നു പറയാന്‍ അയാള്‍ക്ക് അവകാശമുണ്ട്. രേഖാമൂലം അപേക്ഷ ലഭിച്ചാല്‍ 15 ദിവസത്തിനകം യൂറോപ്പില്‍ നിന്നു മാത്രമല്ല, ആഗോള തലത്തില്‍ ഈ വിവരങ്ങള്‍ നീക്കം ചെയ്യണമെന്ന് സിഎന്‍ഐഎല്‍ ഉത്തരവില്‍ പറയുന്നു. നടപടിയുണ്ടായില്ലെങ്കില്‍ ഗൂഗിളിനെതിരെ നിരോധനം കൊണ്ടുവരാനും സിഎന്ഐഎല്ലിന് അധികാരമുണ്ട്.
യൂറോപ്യന്‍ കോടതിയുടെ വിധിയെ തുടര്‍ന്ന് ഗൂഗിള്‍, ബിങ്, യാഹൂ തുടങ്ങിയ സെര്‍ച്ച് എന്‍ജിനുകള്‍ വിവരങ്ങള്‍ ഒഴിവാക്കാനുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങിയിരുന്നു. ഗൂഗിള്‍ മാത്രം അവരുടെ യൂറോപ്യന്‍ സൈറ്റുകളില്‍ നിന്നു വിവരങ്ങള്‍ ഒഴിവാക്കുകയാണു ചെയ്തത്. എന്നാല്‍ ആഗോളതലത്തിലാണു നടപടി വേണ്ടതെന്ന് സിഎന്‍ഐഎല്‍ പ്രത്യേകം നിര്‍ദേശിക്കുന്നത് ഗൂഗിളിന് പിടിപ്പത് പണിയുണ്ടാക്കിയിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല