സ്വന്തം ലേഖകന്‍: സൗദി അറേബ്യയും സഖ്യ സേനയും യെമനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ പുരാതനമായ പള്ളി തകര്‍ന്നു. ലോക പൈതൃക കേന്ദ്രമായി യുനെസ്കോ പ്രഖ്യാപിച്ചിട്ടുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളിയാണ് തകര്‍ന്നത്. ആക്രണത്തില്‍ കൊല്ലപ്പെട്ട 5 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.
ഇത് രണ്ടാം തവണയാണ് ഇസ്ലാമിക പൈതൃക കേന്ദ്രം സൗദി സഖ്യ സേനയുടെ ആക്രമണത്തിന് ഇരയാകുന്നത്. മാര്‍ച്ച് മാസം മുതല്‍ ഹൗതികള്ക്കെതിരായി നടക്കുന്ന ആക്രമണ പരമ്പരയില്‍ ആദ്യമായാണ് യെമനിലെ സന്‍ആ പഴയ പട്ടണം ആക്രമിക്കപ്പെടുന്നത്.
ഇസ്ലാമിക സംസ്കാരത്തിന്റെ സുപ്രധാന കേന്ദ്രം കൂടിയായ ഇവിടെ നടന്ന ആക്രമണത്തില്‍ നിരവധി പേര് കൊല്ലപ്പെട്ടതയാണ് സൂചന. അഞ്ച് പേരുടെ മൃതദേഹങ്ങള്‍ ഇതിനകം കണ്ടെടുത്തു. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. അപൂര്‍വമായ നിര്‍മ്മാണ രീതിയില്‍ പണിത ഇവിടുത്തെ പള്ളികളും കെട്ടിടങ്ങളും ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ചിരുന്നു.
രണ്ട് മണിയോടെയുണ്ടായ ആക്രണത്തില്‍ 3000 ലധികം വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടങ്ങളും പള്ളികളും മിസൈലാക്രമണത്തില്‍ നശിപ്പിക്കപ്പെട്ടു. മെയ് അവസാനത്തില്‍ നടന്ന മറ്റൊരാക്രമണത്തില്‍ ഇസ്ലാമിക സാംസ്കാരിക കേന്ദ്രമായ മആരിബ് പട്ടണത്തിലെ മ്യൂസിയവും നശിപ്പിക്കപ്പെട്ടിരുന്നു.
സംഭവത്തില്‍ യുനെസ്കോ ആശങ്ക രേഖപ്പെടുത്തി. സൗദി സഖ്യ സേനയുടെ ആക്രമണത്തില്‍ ഇതുവരെ 2200 പേര് കൊല്ലപ്പെട്ടിട്ടുണ്ട്. നാളെ ജനീവയില്‍ നടക്കുന്ന സമാധാന സമ്മേളനത്തില്‍ വിഷയത്തില്‍ ഒത്തുതീര്‍പ്പുണ്ടാക്കാനുള്ള നീക്കമുണ്ടാകുമെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല