സ്വന്തം ലേഖകന്‍: വെടിനിര്‍ത്തല്‍ കരാര്‍ കാറ്റില്‍ പറത്തി കിഴക്കന്‍ യുക്രൈനില്‍ റഷ്യന്‍ വിമതരും യുക്രൈന് സൈന്യവും തമ്മില്‍ പൊരിഞ്ഞ പോരാട്ടം. ഡൊണ്ടെസ്ക് വിമാനത്താവളത്തില്‍ റഷ്യന്‍ വിമതരും യുക്രൈന് സൈന്യവും മുഖമുഖം ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
നാല് മാസത്തെ വെടിനിര്‍ത്തല്‍ കരാറിന്റെ കാലാവധി അവസാനിക്കും മുമ്പാണ് ഏറ്റുമുട്ടല്‍ രൂക്ഷമായത്. എയര്‍പോര്‍ട്ട് ടെര്‍മിനലില്‍ നിന്നും നൂറ് മീറ്റര്‍ അകലെ റഷ്യന്‍ അനുകൂലികളുടെ കേന്ദ്രത്തില്‍ യുക്രൈന് സൈന്യത്തിന്റെ ഷെല്‍ പതിച്ചതാണ് പെട്ടെന്നുണ്ടായ ആക്രമണത്തിന് പ്രകോപനമെന്ന് കരുതുന്നു.
ഷെല്‍ ആക്രമണത്തിന് മറുപടിയായി ഡൊണ്ടെസ്ക് വിമാനത്താവളത്തിനു നേരെ വിമതര്‍ വെടിവെപ്പ് നടത്തി. യുദ്ധടാങ്കുകള്‍ ഉപയോഗിച്ച് സൈന്യത്തിന് നേരെയും ശക്തമായ ആക്രമണമുണ്ടായി. കിഴക്കന്‍ യുക്രൈന് പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസമുണ്ടായ ആക്രണങ്ങളളില് രണ്ട് യുക്രൈന് സൈനികരും മൂന്ന് സിവിലിയന്മാരും കൊല്ലപ്പെട്ടു.
പീരങ്കി ഉപയോഗിച്ചാണ് സാധാരണക്കാര്‍ക്കു നേരെ ആക്രമണമുണ്ടായതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. യുക്രൈന്, റഷ്യ, ജര്‍മനി , ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ തലവന്മാര് നടത്തിയ സമാധാന ചര്‍ച്ചയെ തുടര്‍ന്ന് താല്‍ക്കാലിക വെടിനിര്‍ത്തലിന് ധാരണയായിരുന്നു.
എങ്കിലും കിഴക്കന്‍ യുക്രൈനിലെ ഡൊണ്ടെസ്ക് പ്രദേശം കേന്ദ്രീകരിച്ച് നടക്കുന്ന പോരാട്ടം രൂക്ഷമാവുകയാണ്. ക്രീമിയ പ്രവിശ്യ തങ്ങളുടെ അധീനതയിലാണെന്ന് റഷ്യ അവകാശപ്പെട്ടതോടെയാണ് യുക്രൈന് വഷളായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല