സാബു ചുണ്ടക്കാട്ടില്‍
മാഞ്ചസ്റ്റര്‍: ദശാബ്ദി നിറവില്‍ വിളങ്ങുന്ന മാഞ്ചസ്റ്റര്‍ ദുക്റാനാ തിരുനാളില്‍ പാട്ടിന്റെ പാലാഴി തീര്‍ക്കാന്‍ യുകെയിലെ പ്രമുഖ മ്യൂസിക് ബാന്‍ഡായ വി4യു എത്തുന്നു. പ്രശസ്ത പിന്നണി ഗായകന് കെ.ജി. മാര്‍ക്കോസിനൊപ്പം വി4യ മ്യൂസിക് ബാന്ഡുംകൂടി ചേരുമ്പോള്‍ ജൂലൈ നാലിന് മാഞ്ചസ്റ്ററില്‍ സംഗീതത്തിന്റെ വിസ്മയ വിരന്നാകും ഒരുങ്ങുക. ഈ മാസം ഇരുപത്തെട്ടിനാണ് ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന ദുക്റാനാ തിരുനാളിന് കൊടിയേറുന്നത്. പിന്നീട് എല്ലാ ദിവസവും വൈകിട്ട് അഞ്ചിന് വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ദിവ്യബലിയും നൊവേനയും പ്രത്യേക പ്രാര്‍ഥനകളും നടക്കും.
പ്രധാന തിരുനാള്‍ ദിനമായ ജൂലൈ നാല് നടക്കുന്ന കുര്‍ബാനയില്‍ ചങ്ങനാശേരി അതിരൂപതാ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ഷ്രൂഷ്ബറി രൂപതാ ബിഷപ് മാര്‍ക്ക് ഡേവിസ് തുടങ്ങിയവര്‍ മുഖ്യകാര്‍മികരാകും. ഇക്കുറി തിരുനാള്‍ ആഘോഷങ്ങള്‍ക്ക് മേമ്പൊടിയായി പ്രശസ്ത പിന്നണി ഗായകന് കെ.ജി. മാര്ക്കോസുകൂടി എത്തിച്ചേരുന്നതോടെ മാഞ്ചസ്റ്റര്‍ ഉത്സവലഹരിയിലാണ്. ഇടവക വികാരി റവ. ഡോ. ലോനപ്പന് അരങ്ങാശേരി, ജനറല്‍ കണ്‍വീനര്‍ ബിജു ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന 101 അംഗ തിരുനാള്‍ കമ്മിറ്റി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്കിവരുന്നു.
തിരുനാള്‍ കുര്‍ബാനയെയും പ്രദക്ഷിണത്തെയും തുടര്‍ന്ന് സെന്റ് ആന്റണീസ് സ്കൂള്‍ ഗ്രൗണ്ടിലെ ഓപ്പണ്‍ സ്റ്റേജിലാണ് കെ.ജി. മാര്‍ക്കോസിനൊപ്പം വി4യു സംഗീത വിസ്മയം തീര്‍ക്കുക. ഏതാനും മാസങ്ങള്‍ക്കു മുമ്പ് സൗത്താംപ്ടണില്‍ സുപ്രസിദ്ധ സിനിമാതാരം ശങ്കറിന്റെ സാന്നിധ്യത്തില്‍ യുകെയിലെ അറിയപ്പെടുന്ന തബലിസ്റ്റായ മനോജ് ശിവയാണ് വി4യ മ്യൂസിക് ബാന്‍ഡിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചത്. പിന്നീടിങ്ങോട്ട് ഒട്ടേറെ വേദികളില്‍ സംഗീത വിസ്മയം തീര്‍ത്ത് മുന്നേറുന്ന വി4യു ടീം ദുക്റാന തിരുനാളിനായി കാത്തിരിക്കുകയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി യുകെയില്‍ ഉടനീളം സംഗീത സദസുകള്‍ ഒരുക്കി യുകെ മലയാളികള്‍ക്ക് സംഗീതാസ്വാദനത്തിന്റെ പുത്ന് വാതായനങ്ങള്‍ തുറന്നു നല്കിയ പ്രതിഭാധനന്മാരായ ഗായകര്‍ ഒത്തുചേര്‍ന്നാണ് വി4യുവിന് തുടക്കംകുറിച്ചത്.
ബ്ലാക്ക്പൂളില്നിന്നുള്ള ജയന് ആമ്പലി, ബോള്ട്ടണില്നിന്നുള്ള ഷിബു പേള്‍, രഞ്ജിത് ഗണേശ്, ലിവര്‍പൂളില്‍നിന്നുള്ള ഷാജു ഉതുപ്പ് എന്നിവരാണ് വി4യുവിന്റെ ശില്പികള്. ഒറ്റപ്പെട്ട ഗാനാവതരണത്തില്‍ മടുത്തിരിക്കുന്ന യുകെ മലയാളികള്‍ക്ക് വ്യത്യസ്തമാര്‍ന്ന അവതരണ ശൈലിയിലൂടെ പുതിയൊരു സംഗീതാസ്വാദന അനുഭവം തീര്‍ക്കുകയാണ് വി4യു മ്യൂസിക് ബാന്‍ഡ് ടീമിന്റെ ലക്ഷ്യം.
തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയില്‍ സംഗീത പ്രേമികള്‍ക്കായി സമയം കണ്ടെത്തുന്നതില്‍ വി4യ ഗായകര്‍ അതീവ ശ്രദ്ധപുലര്‍ത്തുന്നു. ബോള്‍ട്ടണ്‍ സ്വദേശിയായ ഷിബു പോള്‍ എംബിഎ ബിരുദധാരിയും ടെസ്കോ സ്റ്റോര്‍ മാനേജരുമായിരുന്നു. ഇപ്പോള്‍ ബോള്‍ട്ടണില്‍ പെട്രോള്‍ സ്റ്റേഷന് തുടങ്ങുകയും മറ്റു റീട്ടെയ്ല്‍ ഷോപ്പുകള്‍ സ്വന്തമാക്കുകയും ചെയ്ത ഷിബു പോളിന്റെ തിരക്കേറിയ ജീവിതത്തിനിടയില്‍ വി4യുവിനു സമയം നീക്കിവയ്ക്കാന്‍ മടിയില്ല. ഭാവാര്‍ദ്രമായ സംഗീതാലാപനത്തിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ കലാകാരനാണ് ഷിബു.
ലിവര്‍പൂളില്‍ രണ്ടായിരത്തി രണ്ടു മുതല്‍ നഴ്സായി ജോലി ചെയ്യുന്ന ഷാജു ഉതുപ്പ് ഒരു കടുത്ത സംഗീത പ്രേമിയാണ്. അഞ്ഞൂറിലധികം കുടുംബങ്ങള്‍ അടങ്ങിയ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ പ്രസിഡന്റാണ് ഷാജു ഉതുപ്പ്. ഹിന്ദി ഗാനാലാപനത്തിലാണ് ഷാജുവിന്റെ കഴിവ്.
ബ്ലാക്ക്പൂള്‍ സ്വദേശിയായ ജയന് ആമ്പലി യുകെയില്‍ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകനും ഗായകനുമാണ്. ബ്ലാക്ക്പൂള്‍ മലയാളി അസോസിയേഷന് പ്രസിഡന്റ് എന്ന നിലയില്‍ പ്രവര്‍ത്തിച്ച് കഴിവു തെളിയിച്ച ജയന് ആമ്പലി ബ്ലാക്ക്പൂളിലെ ഒരു നഴ്സിംഗ്ഹോം മാനേജരായി ജോലി ചെയ്തുവരുന്നു. മലയാളം മെലഡി ഗാനങ്ങളുടെ ചക്രവര്‍ത്തിയാണ് ജയന് ആമ്പലി.
ബോള്‍ട്ടണ്‍ സ്വദേശിയായ രഞ്ജിത് ഗണേശ് യുകെയില്‍ എത്തുന്നതിനു മുമ്പ് നേവി ഉദ്യോഗസ്ഥനായിരുന്നു. ഇപ്പോള്‍ നോര്‍ത്തേണ്‍ റെയില്‍വേയില്‍ സ്പെഷല്‍ സ്ക്വാഡ് വിഭാഗത്തില്‍ സേവനമനുഷ്ഠിച്ചുവരുന്നു. കര്‍ണാട്ടിക് സംഗീതത്തില്‍ പരിശീലനം നേടിയിട്ടുള്ള രഞ്ജിത് ആലാപനരീതിയിലൂടെ ഏറെ ജനശ്രദ്ധ നേടിയ ഗായകനാണ്. ഇവര്‍ നാലുപേരും ഒത്തുചേരുന്നതോടെ യുകെ മലയാളികള്‍ക്കും സംഗീത പ്രേമികള്‍ക്കും ഒരു പുത്തന്‍ സംഗീതാസ്വാദന അനുഭവം ഒരുങ്ങും എന്നതില്‍ സംശയമില്ല.
യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി ആയിരങ്ങള്‍ അന്നേദിവസം മാഞ്ചസ്റ്ററില്‍ ഒഴുകിയെത്തും. ഭാരത അപ്പസ്തോലന് മാര്‍ തോമാശ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ആഘോഷങ്ങളാണ് ഇക്കുറി നടക്കുന്നത്. ദുക്റാനാ തിരുനാളില്‍ പങ്കെടുത്ത് വിശുദ്ധരുടെ അനുഗ്രഹങ്ങള്‍ ധാരാളമായി പ്രാപിക്കുവാന്‍ ഏവരെയും ഷ്രൂഷ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലൈന്‍ റവ. ഡോ. ലോനപ്പന് അരങ്ങാശേരി സ്വാഗതം ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല