ദുബായിയില്‍ തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം നിലവില്‍വന്നു. തിങ്കളാഴ്ച്ച മുതലാണ് ഉച്ചവിശ്രമം നിലവില്‍വന്നത്. കടുത്ത ചൂട് കൊണ്ട് തൊഴിലാളികള്‍ ബുദ്ധിമുട്ടുന്നത് കണ്ടാണ് തൊഴില്‍വകുപ്പിന്റെ നടപടി. സെപ്തംബര്‍ 15 വരെയാണ് ആനുകൂല്യം ലഭിക്കുക. തുറസ്സായ ഇടങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്നുവരെ വിശ്രമം അനുവദിക്കും.
ഇടവേളയ്ക്കു പകരം എട്ടുമണിക്കൂര്‍ ജോലി സമയം രാവിലെയും രാത്രിയുമായുള്ള ഷിഫ്റ്റുകളിലായി വിഭജിച്ചിട്ടുണ്ട്. അധികസമയം ജോലി ചെയ്യേണ്ടിവരുന്ന തൊഴിലാളികള്‍ക്ക് അധികവേതനം നല്‍കണം. തൊഴിലാളികള്‍ക്ക് ഇടവേളകളില്‍ വിശ്രമിക്കുന്നതിനായി പ്രത്യേക സൗകര്യമൊരുക്കുകയും സമയക്രമം അതത് കേന്ദ്രങ്ങളില്‍ സ്ഥാപിക്കുകയും വേണം.
ചൂടിനെ പ്രതിരോധിക്കുന്നതിനായി തൊഴിലാളികള്‍ക്ക് തണുത്ത വെള്ളവും പാനീയങ്ങളും സാലഡുകളുമൊക്കെ ലഭ്യമാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പ്രാഥമിക ശുശ്രൂഷകള്‍ക്കുള്ള സംവിധാനങ്ങളും മതിയായ തണലും ഒരുക്കേണ്ടതുണ്ട്. നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ 18 നിരീക്ഷണ സംഘങ്ങള്‍ക്ക് രൂപം നല്കിയ. മധ്യാഹ്ന ഇടവേള സംബന്ധിച്ച് പ്രചാരണം നടത്തുന്നതിന് മന്ത്രാലയ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഫീല്‍ഡ് സന്ദര്‍ശനങ്ങള്‍ നടക്കും.
നിയമം ലംഘിക്കുന്ന കമ്പനികളില്‍ നിന്ന് കനത്ത പിഴ ഈടാക്കും. വിശ്രമവേളയില്‍ ജോലിചെയ്യാന്‍ നിര്‍ബന്ധിതനാകുന്ന തൊഴിലാളി ഒരാള്‍ക്ക് 5,000 ദിര്‍ഹം എന്ന തോതിലായിരിക്കും പിഴ. കൂടാതെ, കമ്പനിയുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെക്കുകയും തരംതാഴ്ത്തലിന് വിധേയമാക്കുകയും ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല