സ്വന്തം ലേഖകന്‍: ജീവനക്കാര്‍ക്ക് റമദാന് ഇളവുകള്‍ നല്‍കാത്ത കമ്പനികള്‍ക്കെതിരെ കര്‍ശന നടപടിയുമായി ഒമാന്‍ തൊഴില്‍ മന്ത്രാലയം. റമദാന് കാലത്ത് ജീവനക്കാര്‍ക്ക് ജോലി സമയത്തില്‍ പ്രഖ്യാപിച്ച ഇളവ് നല്കാന് തയാറല്ലാത്ത സ്ഥാപനങ്ങളെയാണ് തൊഴില്‍ മന്ത്രാലയം നോട്ടമിടുന്നത്.
റമദാന് കാലത്ത് ജീവനക്കാരെ ആറ് മണിക്കൂറിലേറെ ജോലി ചെയ്യിപ്പിക്കരുത് എന്നാണ് ഒമാനിലെ നിയമം. റമദാനില്‍ വ്രതം അനുഷ്ഠിക്കുന്നവരുടെ സൗകര്യം പരിഗണിച്ച് ജോലിസമയം ആറ് മണിക്കൂറായി വെട്ടിച്ചുരുക്കി തൊഴില്‍ മന്ത്രാലയം ഉത്തരവ് ഇറക്കുകയും ചെയ്തു.
ആഴ്ചയില്‍ 30 മണിക്കൂറിലെ ഇക്കാലയളവില്‍ ജോലിയെടുപ്പിക്കാന്‍ പാടില്ല. എന്നാല്‍, മുന്‍വര്‍ഷങ്ങളില്‍ പല കമ്പനികളും നിയമം പാലിക്കാന്‍ തയാറായില്ലെന്ന് ചൂണ്ടിക്കാട്ടി ജീവനക്കാര്‍ മന്ത്രാലയത്തിന് പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്.
രാജ്യത്തെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേയും സ്വകാര്യ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ക്ക് റമദാന് ഇളവിന് അര്‍ഹതയുണ്ട്. കമ്പനി നിയമം ലംഘിച്ചാല്‍ ഓരോ ജീവനക്കാരനും 100 റിയാല്‍ എന്ന നിരക്കില്‍ കമ്പനി ഉടമയില്‍ നിന്ന് പിഴ ഈടാക്കും.
നിയമലംഘനം ആവര്‍ത്തിച്ചാല്‍ ഇരട്ടി പിഴക്ക് പുറമെ കേസ് കോടതിക്ക് കൈമാറുകയും ചെയ്യും. രാജ്യത്തെ മുഴുവന്‍ കമ്പനികള്‍ക്കും ഈ നിയമം ബാധകമാണെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല