സ്വന്തം ലേഖകന്‍: വിദേശ ജോലിക്കായുള്ള റിക്രൂട്ടിങ് ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കടുപ്പമാക്കിയതോടെ വന്‍കിട കമ്പനികള്‍ ഇന്ത്യയെ കൈയ്യൊഴിയുന്നതായി സൂചന. വിദേശ തൊഴില്‍ ദാതാക്കള്‍ ഇന്ത്യന്‍ എംബസി വഴി വിദേശകാര്യ മന്ത്രാലയത്തില്‍ റജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന വ്യവസ്ഥയാണ് പ്രധാന വില്ലനായിരിക്കുന്നത്. ഈ നിബന്ധന നിലവില്‍ വന്നതിനു ശേഷം റിക്രൂട്ടിങ് കുത്തനെ കുറഞ്ഞു.
ഗള്‍ഫ് മേഖലയില്‍ നിന്നുള്‍പ്പെടെ വന്‍കിട കമ്പനികള്‍ പലതും ഇന്ത്യയില്‍ നിന്നുള്ള റിക്രൂട്ടിങ് ഉപേക്ഷിച്ചു പാക്കിസ്ഥാന്, ബംഗ്ലദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലേക്കു മാറി. നഴ്സുമാരുടെ നിയമനം സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമാക്കിയതു വഴിയുണ്ടായ പ്രതിസന്ധിക്കു പുറകെ ഈ നിബന്ധനകൂടി വന്നത് ഏറ്റവും ബാധിക്കുക കേരളത്തില്‍ നിന്നുള്ള തൊഴിലന്വേഷകരെ ആയിരിക്കും.
ജോലി തട്ടിപ്പുകള്‍ തടയാന്‍ റിക്രൂട്ടിങ് അനുമതി പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കി കഴിഞ്ഞ വര്‍ഷം തന്നെ കേന്ദ്ര വിദേശ മന്ത്രാലയം ഉത്തരവിട്ടിരുന്നു. ഇതിനായി ഇ മൈഗ്രന്റ് എന്ന വെബ്സൈറ്റിനു രൂപം നല്‍കുകയും ചെയ്തു. ഈ സൈറ്റ് വഴി റജിസ്റ്റര്‍ ചെയ്ത് അതതു രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുടെ അംഗീകാരം നേടുന്നവര്‍ക്കു മാത്രമേ ഇന്ത്യയില്‍നിന്നുള്ള റിക്രൂട്ട്മെന്റിന് അനുമതി നല്‍കൂ എന്നായിരുന്നു വ്യവസ്ഥ.
ചട്ടങ്ങള്‍ കര്‍ശനമായതോടെ വന്‍കിട കമ്പനികള്‍ റിക്രൂട്ട്മെന്റ് നടക്കുന്നില്ലെന്നാണു പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ് വൃത്തങ്ങള്‍ നല്കുന്ന സൂചന. നേരത്തേ വാഗ്ദാനം ചെയ്തിരുന്ന അവസരങ്ങള്‍ പോലും നഷ്ടപ്പെടുന്നതായി അംഗീകൃത ഏജന്‍സികളും ചൂണ്ടിക്കാട്ടുന്നു. തട്ടിപ്പുകള്‍ കുറയ്ക്കാനാണു ചട്ടങ്ങള്‍ കര്ശനമാക്കുന്നതെങ്കിലും അതോടൊപ്പം അവസരങ്ങളും നഷ്ടപ്പെടുമെന്ന ആശങ്ക വ്യാപകമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല