സ്വന്തം ലേഖകന്‍: യെമന്‍ സംഘര്‍ഷത്തില്‍ സുപ്രധാന തീരുമാനമെടുക്കാന്‍ ജനീവയില്‍ സമാധാന ചര്‍ച്ചകള്‍ തുടങ്ങി. ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിലാണ് സമാധാന ചര്‍ച്ച നടക്കുന്നത്. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ യെമനിലെ വിമത പ്രതിനിധി സംഘം 24 മണിക്കൂര്‍ വൈകിയാണെങ്കിലും എത്തിച്ചേര്‍ന്നതായി യുഎന്‍ വൃത്തങ്ങള്‍ അറിയിച്ചു.
യുഎന്‍ തലവന്‍ ബാന്‍ കി മൂണിന്റെ അധ്യക്ഷതയില്‍ തിങ്കളാഴ്ച തുടങ്ങിയ ചര്‍ച്ചയില്‍ വിമതരുടെ അസാന്നിധ്യം കൂടിയാലോചനകള്‍ സംബന്ധിച്ച് ആശങ്കയുയര്‍ത്തിയിരുന്നു. വിമതരുടെ വിമാനം യമന്‍ തലസ്ഥാനമായ സന്‍ആയില്‍നിന്നും ഞായറാഴ്ച ഉച്ചയോടെ പുറപ്പെട്ടുവിരുന്നെങ്കിലും ജിബോത്തിയില്‍ 24 മണിക്കൂര്‍ കാത്തിരിക്കാന്‍ നിര്‍ബന്ധിതരായി.
ഈജിപ്തും സുഡാനും അവരുടെ ആകാശ പരിധിയില്‍ തങ്ങളുടെ വിമാനം കടക്കാന്‍ അനുവദിച്ചില്ലെന്ന് ഇറാന് പിന്തുണയുള്ള വിമതര്‍ ആരോപിച്ചു. പ്രശ്ന പരിഹാരത്തിന് ഇടപെടാത്ത ഒമാന്‍ നന്ദിയറിയിച്ചുകൊണ്ട് അന്‍സാറുല്ല വിമത സംഘത്തിന്റെ വക്താവ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു.
മാര്‍ച്ച് 26 മുതല്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന യെമനില്‍ നടത്തുന്ന വ്യോമാക്രമണത്തില്‍ പങ്കെടുക്കാത്ത ഒരേയൊരു ഗള്‍ഫ് രാജ്യമാണ് ഒമാന്‍. ഇറാന് പിന്തുണയുള്ള വിമതരും അന്താരാഷ്ട്ര തലത്തില്‍ അംഗീകാരമുള്ള പുറത്താക്കപ്പെട്ട പ്രസിഡന്റ് അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദിയുടെ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ യെമനെ ഏതാണ്ടും പൂര്‍ണമായു തകര്‍ത്തു കഴിഞ്ഞു.
യെമനിലെ സംഘര്‍ഷം അല്‍ ഖാഇദ പോലുള്ള തീവ്രവാദ പ്രസ്ഥാനങ്ങള്‍ മുതലെടുക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ പ്രശ്നങ്ങള്‍ക്ക് എത്രയും വേഗം പരിഹാരം കാണാനുള്ള ശ്രമത്തിലാണ് ലോക രാഷ്ട്രങ്ങളും ഐക്യരാഷ്ട്ര സഭയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല