സ്വന്തം ലേഖകന്‍: വിമാനത്താവളങ്ങളില്‍ യാത്രക്കാരെ പരിശോധിക്കാന്‍ പ്രത്യേക സേന വേണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം ശുപാര്‍ശ ചെയ്തു. കരിപ്പൂര്‍ വെടിവെപ്പുമായി ബന്ധപ്പട്ട് വ്യോമയാന മന്ത്രാലയം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ശുപാര്‍ശ. വെടിവെപ്പിനെ കുറിച്ച് കേരളം നല്കിയ റിപ്പോര്‍ട്ടില്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങളുണ്ടെന്നും വ്യോമയാന മന്ത്രാലയം പറയുന്നു.
കരിപ്പൂര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളുടെയും സുരക്ഷകാര്യത്തില്‍ സമഗ്ര അഴിച്ച് പണി വേണമെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം നിര്‍ദ്ദേശിക്കുന്നത്. സിഐഎസ്എഫ് യാത്രാക്കാരെ പരിശോധിക്കുന്ന നിലവിലെ രീതി മാറ്റണം, യാത്രക്കാരെ പരിശോധിക്കാന്‍ പ്രത്യേക സേനയെ രൂപീകരിക്കണം. വിമാനത്താവളങ്ങളിലെ സിഐഎസ്എഫ് യൂണിറ്റുകളെ വ്യോമയാന മന്ത്രാലയത്തിന് കീഴില്‍ കൊണ്ടു വരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്തെ 92 വിമാനത്താവളങ്ങളില്‍ 59 എണ്ണത്തിന്റെ സുരക്ഷാ ചുമതലയാണ് ഇപ്പോള്‍ സിഐഎസ്എഫിനുള്ളത്. കരിപ്പൂരില്‍ വെടിവെപ്പുമായി ബന്ധപ്പെട്ട് കേരളം നല്കിയ അന്വഷണ റിപ്പോര്‍ട്ടിലും പ്രശ്നങ്ങളുണ്ടെന്ന് വ്യോമയാന മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു.
റണ്‍വെയിലെ ലൈറ്റുകള്‍ തകര്‍ത്തത് സിഐഎസ് ഫുകാരാണെന്ന് സിസിടിവി ദൃശ്യങ്ങളിലുണ്ട്, എന്നാല്‍ കേരളത്തിന്റെ റിപ്പോര്‍ട്ട് ഇത്തരത്തിലല്ല, മോശം പെരുമാറ്റത്തിന്റെ പേരില്‍ സീതാറാം ചൌധരിക്കെതിരെ നേരത്തെ എയര്‍പ്പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് പരാതി ലഭിച്ചിരുന്നു. ഇത് അവഗണിച്ചത് പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കിയെന്നും വ്യോമയാന മന്ത്രാലയം വിലയിരുത്തുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല