സ്വന്തം ലേഖകന്‍: നെപ്പോളിയന് ചക്രവര്‍ത്തിയുടെ ലോകം കീഴ്ടടക്കാനുള്ള ജൈത്രയാത്ര അവസാനിപ്പിച്ച വാട്ടര്‍ലൂ പോരാട്ടത്തിന് ഇരുന്നൂറ് വയസ്. നെപ്പോളിയന്റെ ഫ്രഞ്ച് സൈന്യവും ബ്രിട്ടീഷ് സഖ്യ സേനയും തമ്മില്‍ 1815 ജൂണ്‍ 18 ന് നടന്ന വാട്ടര്‍ലൂ പോരാട്ടത്തില്‍ ഇരുവശങ്ങളിലുമായി ഏതാണ് 50,000 പേരാണ് കൊല്ലപ്പെട്ടത്.
നെതര്‍ലന്‍ഡ്സ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഇന്നത്തെ ബെല്‍ജിയത്തിലെ വാട്ടര്‍ലൂവിനു സമീപമാണു യുദ്ധം നടന്നത്. നെപ്പോളിയന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ച് സൈന്യത്തെ ബ്രിട്ടന്റെ നേതൃത്വത്തിലുള്ള സഖ്യസേന പരാജയപ്പെടുത്തുകയായിരുന്നു.
ബ്രിട്ടന്റെ ഡ്യൂക്ക് ഓഫ് വെല്ലിങ്ടനായിരുന്നു ബ്രിട്ടീഷ് സഖ്യസേനയെ നയിച്ചത്. പകല്‍ 11.30 നു തുടങ്ങിയ യുദ്ധം രാത്രി എട്ടരയോടെ അവസാനിച്ചു. വാട്ടര്‍ലൂ പരാജയം ഫ്രഞ്ച് ചക്രവര്‍ത്തിയായിരുന്ന നെപ്പോളിയന്റെ ഭരത്തിന് അന്ത്യം കുറിച്ചു.
വാട്ടര്‍ലൂവിന്റെ ഇരുന്നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി യുദ്ധത്തില്‍ ജീവഹാനി സംഭവിച്ച ബ്രിട്ടിഷ് സഖ്യസേനാംഗങ്ങള്ക്കുള്ള സ്മാരകം ബെല്‍ജിയത്തിലെ വാട്ടര്‍ലൂ യുദ്ധഭൂമിയില്‍ ചാള്‍സ് രാജകുമാരന് ഇന്ന് അനാവരണം ചെയ്യും. വാട്ടര്‍ലൂവിലെ നിര്‍ണായക ഏറ്റുമുട്ടല്‍ നടന്ന ഹൂഗോമൗണ്ടും ചാള്‍സ് സന്ദര്‍ശിക്കും.
ഒരാഴ്ച നീളുന്ന വാര്‍ഷികാചരണ പരിപാടികള്‍ക്കു മുന്നോടിയായി വാട്ടര്‍ലൂവില്‍ ഇന്നലെ യുദ്ധത്തിന്റെ നാടകീയ ആവിഷ്കാരത്തിനായി അക്കാലത്തെ യൂണിഫോമില്‍ അയ്യായിരംപേര്‍ അണിനിരന്നു. ഇന്നു ലണ്ടനിലെ സെന്റ് പോള്‍സ് കത്തീഡ്രലില്‍ യുദ്ധവീരന്മാരെ അനുസ്മരിച്ചു പ്രത്യേക ചടങ്ങുകളും നടക്കും.
രണ്ടുലക്ഷം സഞ്ചാരികളെങ്കിലും ഈയാഴ്ച യുദ്ധ ഭൂമിയായ വാട്ടര്‍ലൂ സന്ദര്‍ശിക്കുമെന്നാണ് കണക്ക്. നെപ്പോളിയന്റെ പരാജയം യൂറോപ്പിന്റെ ചരിത്രത്തെ എങ്ങനെ മാറ്റിമറിച്ചു എന്നതു സംബന്ധിച്ചും മാറിയ സാഹചര്യങ്ങളില്‍ ചര്‍ച്ച സജീവമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല