സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പില്‍ ബ്രസീലിനെ കൊളംബിയ ഇടംങ്കാലിട്ടു വീഴ്ത്തി. ഇന്ന് നടന്ന മത്സരത്തില്‍ കൊളംബിയക്കെതിരെ ഒരു ഗോളിനായിരുന്നു ബ്രസീലിന്റെ തോല്‍വി. കോപ്പ കിരീടം ലക്ഷ്യമിട്ടെത്തിയ ബ്രസീലിന് കനത്ത തിരിച്ചടിയായി ഈ പരാജയം.
ജയ്സണ്‍ മുറീയോ ആണ് കൊളംബിയയ്ക്കായി ഗോള്‍ നേടിയത്. മുപ്പത്താറാം മിനിറ്റിലായിരുന്നു ഗോള്‍. മത്സരശേഷം കളിക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ക്യാപ്റ്റന്‍ നെയ്മര്‍ക്ക് ചുവപ്പു കാര്‍ഡ് കിട്ടിയത് ബ്രസീലിന് ഇരട്ട തിരിച്ചടിയായി. കൊളംബിയയുടെ കാര്‍ലോസ് ബക്കയ്ക്കും ചുവപ്പു കാര്‍ഡുണ്ട്.
24 വര്‍ഷത്തിന് ശേഷമാണ് ബ്രസീല്‍ കൊളംബിയയോട് തോല്‍ക്കുന്നത്. 1991 ല്‍ കോപ്പ അമേരിക്കയില്‍ തന്നെയായിരുന്നു ഇതിന് മുമ്പ് കൊളംബിയ ബ്രസീലിനെ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ബ്രസീല്‍ അന്ന് അടിയറവ് പറഞ്ഞത്.
ഇന്നത്തെ തോല്‍വിയോടെ വെനസ്വേലയുമായി നടക്കാനിരിക്കുന്ന മത്സരം ബ്രസീലിന് നിര്‍ണായകമായി. വെനസ്വേലയോട് തോറ്റാല്‍ കോപ്പ ക്വാര്‍ട്ടര്‍ കാണാതെ ബ്രസീല്‍ പുറത്താകും. ആദ്യ മത്സരത്തില്‍ ബ്രസീല്‍ പെറുവിനെ തോല്പിച്ചിരുന്നു.
ആദ്യ മത്സരത്തില്‍ വെനസ്വേലയോട് തോറ്റ കൊളംബിയ ഇന്നത്തെ ജയത്തോടെ ക്വാര്‍ട്ടര്‍ സാധ്യതകള്‍ സജീവമാക്കി. പെറുവുമായിട്ടാണ് കൊളംബിയയുടെ അടുത്ത മത്സരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല